
തിരുവല്ല: മുസ്ലിംലീഗിന് എം എൽ എമാരും സ്വാധീനവും ഇല്ലാത്തതുകൊണ്ടാണ് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കാലവർഷക്കെടുതി ബാധിതരെ യു ഡി എഫ് സർക്കാർ കയ്യൊഴിയുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ദുരിതബാധിതർക്ക് അടിയന്തരമായി ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഒരു രൂപ പോലും ലഭ്യമാക്കാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അനൂപ് ആരോപിച്ചു. കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നൽകേണ്ട പതിനായിരം രൂപ പോലും സർക്കാർ നൽകിയിട്ടില്ല. ദുരിതബാധിതരുടെ ഓണക്കാലം ദുരിതപൂർണമാക്കിയതിന് ഉത്തരവാദി സർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളാണ്. സംസ്ഥാനത്ത് 27 മരണങ്ങളും 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേരുടെ ദുരിതബാധിത ജീവിതവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, 1,882 ഹെക്ടർ കൃഷിനാശവും 23,537 കർഷകരെ ബാധിച്ച നഷ്ടവും ഉൾപ്പെടെ 68 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. ദുരന്തബാധിതർക്ക് ഉടൻ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള നടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്നും അനൂപ് ആന്റണി വിമർശിച്ചു.
ഓരോ കുടുംബത്തിലും രണ്ട് പേർക്ക് 300 രൂപ വീതം ഏഴ് ദിവസം നൽകുമെന്ന പ്രഖ്യാപനം പോലും നടപ്പാക്കിയിട്ടില്ല. അപേക്ഷ ഫോമും ഗുണഭോക്താക്കളുടെ പട്ടിക പോലും തയ്യാറാക്കിയിട്ടില്ല. ഇതെല്ലാം സർക്കാർ ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത അവഗണനയുടെ തെളിവാണ്. ഇപ്പോൾ യു ഡി എഫ് സർക്കാരിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ആണ്
മുസ്ലിംലീഗിന് സ്വാധീനമുള്ള മേഖലകളിലും വിഷയങ്ങളിലും സർക്കാർ മുൻഗണന നൽകുന്നത്. അതുകൊണ്ടാണോ, മുസ്ലിംലീഗിന് എം എൽ എമാരില്ലാത്ത പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ അവഗണിക്കുന്നത്? ജനങ്ങളുടെ ദുരിതത്തിന് പോലും രാഷ്ട്രീയ കണക്കുകൂട്ടലുകൾ മാനദണ്ഡമാകുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു. സർവതും നഷ്ടപ്പെട്ട മനുഷ്യരോട് സർക്കാർ കരുണ കാണിക്കണം. ഔദ്യോഗിക നൂലാമാലകൾ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി വിതരണം ചെയ്യണം. ദുരിതബാധിതരുടെ ഓണക്കാലം ദുരിതമാക്കിയ സർക്കാർ ഇനിയെങ്കിലും വാഗ്ദാനങ്ങൾ ഉപേക്ഷിച്ച് സഹായം ജനങ്ങളിലെത്തിക്കണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam