
ആലപ്പുഴ: ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ പടിപ്പുരയിൽ ജമാൽ മുഹമ്മദ് (45) മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം.
ജോലി സംബന്ധമായ ആവശ്യത്തിനായി ട്രെയിനിൽ കരുനാഗപ്പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ടെടുക്കുകയും പ്ലാറ്റ് ഫോമിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ജമാൽ മുഹമ്മദ് ആറുമാസമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എറണാകുളത്തെ ഒരു കാറ്ററിംഗ് കമ്പനിയിൽ കഴിഞ്ഞ മൂന്നുവർഷമായി ജോലി ചെയ്തു വന്നിരുന്ന ജമാൽ മുഹമ്മദ് ഭാര്യ ബീഫാത്തുമ്മാബി, മക്കളായ ഫർഹ, റഫ്ഹാൻ എന്നിവരോടൊപ്പം എറണാകുളത്താണ് താമസിച്ചിരുന്നത്.
അപകടത്തിൽപ്പെട്ട് ആശുപത്രി എത്തിയത് മുതൽ വളഞ്ഞവഴി വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ അവർക്ക് ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു. ലക്ഷദ്വീപിൽ നിന്നും ബന്ധുക്കളും എറണാകുളത്ത് നിന്നും കാറ്ററിങ് കമ്പനി പ്രതിനിധികളും എത്തിയിരുന്നു.
നീർക്കുന്നം ഇജാബ മസ്ജിദ് ഖബറിസ്ഥാനിൽ ജമാൽ മുഹമ്മദിന്റെ മൃതദേഹം കബറടക്കി. നൗഷാദ് എ, റഷീദ് കോലേഴം, യു എം കബീർ, ഹംസ കുഴിവേലി, അലി പൂതിയോട്, നജീബ് മാർസ്, ഹാഷിം വണ്ടാനം, സാജിദ അസ്ലം, ഹസീന റഷീദ് തുടങ്ങിയവരുടെ ഇടപെടൽ ലക്ഷദ്വീപ് നിവാസികളായ ആ കുടുംബത്തിന് ആശ്വാസമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam