അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്

Published : Dec 26, 2025, 02:08 PM IST
Lali James

Synopsis

'ദീപാദാസ് മുൻഷിയും,  കെ.സി വേണുഗോപാലുമൊക്കെ തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയാണ്.'

തൃശൂർ: മേയർ തെരഞ്ഞെടുപ്പിനെ ചൊല്ലി തൃശൂർ കോണ്‍‌ഗ്രസില്‍ കലാപം പുതിയ തലത്തിലേക്ക്. തനിക്കെതിരെ അച്ചടക്ക നടപടിയുമായി ന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തുമെന്ന് കൗൺസിലർ ലാലി ജെയിംസ്. മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ആരോപണമുന്നയിച്ച ലാലിക്കെതിരെ പാർട്ടിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ലാലിയുടെ പരസ്യ വെല്ലുവിളി. താൻ ഉന്നയിച്ച ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും തനിക്കെതിരെ നടപടിയുണ്ടായാൽ പാർട്ടിക്കെതിരെ പലതും വെളിപ്പെടുത്താനുണ്ടെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു.

ദീപാദാസ് മുൻഷിയും ,എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമൊക്കെ തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയാണ്. നാലോ അഞ്ചോ നേതാക്കളല്ല കോൺഗ്രസ് പാർട്ടിയെന്നും ലാലി ജെയിംസ് തുറന്നടിച്ചു. പണമില്ലാത്തതുകൊണ്ടാണ് എന്നെ തഴഞ്ഞതെന്നും മേയ‍ർ തെരഞ്ഞെടുപ്പിൽ വോട്ട് കോൺഗ്രസ് പ്രതിനിധിയ്ക്ക് തന്നെയാണെന്നും ലാലി പറഞ്ഞു. നിജി ജോസ് എന്നല്ല, മേയർ ആരായാലും വോട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്നെയാണ്. എന്‍റെ മനസാക്ഷിയുടെ തീരുമാനമാണ് അത്. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു- ലാലി വ്യക്തമാക്കി..

എനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വാർത്ത കണ്ടു. അവരെ അച്ചടക്കം പഠിപ്പിക്കാൻ എനിക്കറിയാം. സാമ്പത്തിക വിഷയമടക്കം നിരവധി കാര്യമുണ്ട്. കോ‍‍ർപ്പറേഷനിൽ നീണ്ട കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന രാജൻ രാജൻ പല്ലനടക്കമുള്ളവരുടെ കാര്യങ്ങളുണ്ട്. രാജൻ പല്ലൻ നിലകൊള്ളുന്നത് വ്യക്തിപരമായ ഉയർച്ചക്ക് വേണ്ടി മാത്രമാണ്. തുറന്ന് പറയേണ്ട ഘട്ടം വന്നാൽ എല്ലാം തുറന്നു പറയും. പാർട്ടിക്കെതിരെ പലതും വെളിപ്പെടുത്തുമെന്നും ലാലി ജെയിംസ് തുറന്നടിച്ചു.

മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം പണം വാങ്ങിയാണ് മേയർ പദവി നൽകിയതെന്നായിരുന്നു ലാലി ജെയിംസിന്‍റെ ആരോപണം. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്നും ലാലി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് ലാലിക്കെതിരെ രംഗത്ത് വന്നത്. മേയർ സ്ഥാനാർത്ഥിയെ കെപിസിസിയുടെ മാനദണ്ഡങ്ങൾ പാലിച്ച് താനാണ് തീരുമാനിച്ചത്. ലാലിയുടെ പ്രസ്താവന പരിശോധിച്ച ശേഷം ഉചിതമായ കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; സിപിഎം കോടതിയിലേക്ക്, 'വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടും'
കോർപ്പറേഷനുകളില്‍ സാരഥികളായി; തിരുവന്തപുരത്തും കൊല്ലത്തും പുതുചരിത്രം, സത്യപ്രതിജ്ഞ ചെയ്ത് പുതിയ മേയർമാര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉടന്‍