'രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അടിമയായി ഇരിക്കാനൊന്നും ആണ്‍കുട്ട്യോളെ കിട്ടൂല്ല'; വയനാട് പുനരധിവാസ ഫണ്ട് പിരിവിനെ ചൊല്ലി വാക്പോര്

Published : Jul 25, 2025, 12:16 AM IST
Rahul Mamkoottathil

Synopsis

ഈ മാസം 31 നുള്ളിൽ നിയോജക മണ്ഡലം കമ്മറ്റികൾ രണ്ടര ലക്ഷം രൂപ പിരിച്ചു നൽകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. ഇത് അസാധ്യം എന്ന് നേതാക്കൾ പറഞ്ഞതോടെയാണ് തർക്കം ഉണ്ടായത്.

മാനന്തവാടി: മുണ്ടക്കൈ - ചൂരൽമല ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത് കോൺഗ്രസിൽ വാക്പോര്. വയനാട്ടിൽ നടന്ന സത്യസേവ സംഘർഷ് യോഗത്തിൽ ആണ് രൂക്ഷമായ തർക്കം ഉണ്ടായത്. ഈ മാസം 31 നുള്ളിൽ നിയോജക മണ്ഡലം കമ്മറ്റികൾ രണ്ടര ലക്ഷം രൂപ പിരിച്ചു നൽകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. ഇത് അസാധ്യം എന്ന് നേതാക്കൾ പറഞ്ഞതോടെയാണ് തർക്കം ഉണ്ടായത്. രണ്ടര ലക്ഷം രൂപ നൽകാത്ത കമ്മറ്റികളെ പിരിച്ചുവിടുമെന്നും യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം വാട്സാപ്പ് ഗ്രൂപ്പിലും വിമർശനം. രാഹുലിൻ്റെ അടിമയായി ജീവിക്കാൻ ആളെ കിട്ടില്ലെന്ന് മാനന്തവാടി യൂത്ത് കോൺഗ്രസ് നേതാവ് പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു-

"31ആം തിയ്യതിയോടെ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഔദ്യോഗികമായി പുറത്താകും. പിന്നെ സംഘടനയെ നയിക്കാനും ആളുണ്ടാവില്ല, ആർക്കും താത്പര്യവുമുണ്ടാവില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അടിമയായി ഇരിക്കാനൊന്നും ആണ്‍കുട്ട്യോളെ കിട്ടൂല്ല. നട്ടെല്ല് പണയം വച്ചവർക്ക് പററുമായിരിക്കും. നമ്മക്ക് താത്പര്യമില്ല"- എന്നാണ് ഒരു നേതാവ് പറഞ്ഞത്. പിരിവ് സംബന്ധിച്ച് കൃത്യമായ കണക്ക് നൽകുന്നില്ലെന്ന് ചില നേതാക്കൾ വിമർശനം ഉന്നയിച്ചു.

ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്ക് 30 വീടുകള്‍ നൽകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഭൂമി പോലും കണ്ടെത്താനാവാതെ പ്രതിരോധത്തിലാണ് യൂത്ത് കോണ്‍ഗ്രസ്. ദുരന്ത ഭൂമിയിലെ സർക്കാറിന്റെ പ്രവർത്തനങ്ങൾ നിരന്തരം ഓഡിറ്റ് ചെയ്യുകയും സ്വന്തം നിലയിൽ ഭവന നിർമ്മാണം പ്രഖ്യാപിക്കുകയും ചെയ്ത പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും ഭവന നിർമ്മാണം എവിടെ വരെയായി എന്ന ചോദ്യം ഉയരാൻ തുടങ്ങിയത് അടുത്തിടെയാണ്. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് ക്യാമ്പോട് കൂടി ഈ ചോദ്യത്തിന് കൂടുതൽ ശക്തിയും ശ്രദ്ധയും കിട്ടി. സമാഹരിച്ച പണം വക മാറ്റി എന്ന ആരോപണത്തെ തെളിവുകൾ നിരത്തി പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തിറങ്ങിയെങ്കിലും പ്രഖ്യാപിച്ച പദ്ധതി എന്ന് യാഥാർത്ഥ്യമാക്കാൻ ആകുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. ഭൂമിയാണ് പ്രശ്നമെന്നും, ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ തേടി കത്ത് നൽകിയിട്ടും കാര്യമുണ്ടായില്ലെന്നുമാണ് യൂത്ത് കോൺഗ്രസിന്‍റെ പരാതി. പിന്നാലെയാണ് ഫണ്ട് പിരിവിനെ ചൊല്ലി വയനാട്ടിലെ യൂത്ത് കോണ്‍ഗ്രസിൽ ചേരിപ്പോര് നടക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും