എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം; വിജ്ഞാപനം പ്രസിദ്ധീകരിച്ചു

By Web TeamFirst Published Jan 31, 2020, 7:03 PM IST
Highlights

എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് മുതല്‍ 25ന് വൈകിട്ട് വരെ അപേക്ഷിക്കാം. പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. 

കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലെ സീറ്റുകളിലേക്ക് ഇത്തരത്തില്‍ അപേക്ഷിക്കുന്നവരെ മാത്രമെ പരിഗണിക്കൂ. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ 25നു മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കാം. മറ്റ് അനുബന്ധ രേഖകള്‍ 29ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി സമര്‍പ്പിക്കണം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. 

എംബിബിഎസ്, ബിഡിഎസ്, ബിടെക്, ബിഫാം, ബിആര്‍ക്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിഎസ്സി ഓണേഴ്സ് അഗ്രിക്കള്‍ച്ചര്‍, ബിയുഎംഎസ്, വെറ്റിനറി, ഫിഷറീസ്, ബിഎസ്സി ഓണേഴ്സ് ഫോറസ്ട്രി എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നേടണമെങ്കില്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടണം. എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 20, 21 തീയതികളില്‍ നടക്കും.   

 

click me!