ക്ഷേമപെന്‍ഷന്‍ അംഗത്വത്തിന് വന്‍തുക; പരാതി നല്‍കിയതിന് പിന്നാലെയും സമാന്തര വെബ്സൈറ്റ് വഴി തട്ടിപ്പ് തുടരുന്നു

By Web TeamFirst Published Nov 25, 2021, 9:44 AM IST
Highlights

ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. 

തിരുവനന്തപുരം: ക്ഷേമപെൻഷൻ അംഗത്വത്തിന്  (welfare pension membership) വൻതുക ഈടാക്കുന്ന തട്ടിപ്പ് നിർബാധം തുടരുന്നു. സിപിഎം (cpm) തൃശ്ശൂ‍ർ ജില്ലാ നേതാവിന്‍റെ മകനും ഗൾഫിൽ വ്യവസായിയുമായ നിർമൽ തോമസാണ് അധികതുക വാങ്ങുന്നത് തുടരുമെന്ന് ആവർത്തിച്ചത്. ഡിജിപിക്കും സൈബർ ഡോമിനും പരാതി നൽകിയെന്ന് പ്രവാസി ക്ഷേമ ബോർഡ് അറിയിച്ചതിന് ശേഷവും സമാന്തര വെബ്സൈറ്റ് വഴിയുള്ള നിർമ്മൽ തോമസിന്‍റെ തട്ടിപ്പ് തുടരുകയാണ്. രണ്ടുദിവസം മുമ്പാണ് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തുനൽകാൻ വൻതുക ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.

ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. വാർത്ത പുറത്തുവന്നതോടെ പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ പ്രതികരണം വന്നു. ചില തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റ് വഴി ക്ഷേമനിധി അംഗത്വത്തിന്‍റെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ ഓൺലൈൻ സംവിധാനം വഴി അംഗത്വം എടുത്തുനൽകാൻ അധികാരപ്പെടുത്തിയിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾ ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ച്, മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി സഹകരണ സംഘം എന്നിവ മാത്രമാണ്. 200 രൂപയിൽ കൂടുതൽ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല. പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം തട്ടിപ്പുകാർക്കെതിരെ ഡിജിപിക്കും എൻആർഐ സെല്ലിനും സൈബർ ഡോമിനും പരാതി നൽകിയെന്നും ക്ഷേമനിധി ബോർഡ് സിഇഒ എം രാധാകൃഷ്ണൻ പറഞ്ഞു. 

എന്നാൽ എൻആർഐ ഫ്യൂച്ചർ എന്ന വെബ്സൈറ്റിലൂടെ ചൂഷണം തുടരുകയാണ് നിർമൽ തോമസ്. ക്ഷേമനിധി ബോർഡിന്‍റെ പ്രതികരണം വന്നതിന് ശേഷവും അംഗത്വ രജിസ്ട്രേഷനായി 750 രൂപ ആവശ്യപ്പെടുന്ന വീഡിയോകൾ ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇത്തരം അനധികൃത വെബ്സൈറ്റുകളുടെ കെണിയിൽ പെട്ടുപോകരുതെന്ന് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ജാബിർ മാളിയേക്കൽ പറഞ്ഞു. ഇത്തരക്കാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

click me!