Asianet News MalayalamAsianet News Malayalam

പ്രവാസി ക്ഷേമനിധിയുടെ പേരില്‍ വൻ പണത്തട്ടിപ്പ്; പരാതി നൽകിയെന്ന് സിഇഒ

പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തുനൽകാം എന്ന് വാഗ്ദാനം നൽകി വൻ പണത്തട്ടിപ്പാണ് നടന്നത്. ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടന്നത്. 

Money fraud claiming membership will be taken on Pravasi Welfare Board
Author
Chennai, First Published Nov 23, 2021, 4:33 PM IST

ചെന്നൈ: ക്ഷേമ പെൻഷൻ അംഗത്വത്തിന് വൻ തുക ഈടാക്കിയുള്ള ചൂഷണത്തിനെതിരെ പരാതി നൽകിയെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് സിഇഒ ( Pravasi Welfare Board ceo ). പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് സിഇഒ എം രാധാകൃഷ്ണൻ ( M Radhakrishnan ) പറഞ്ഞു. തട്ടിപ്പുകാർ വ്യാജപ്രചാരണം നടത്തി വൻതുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതിനെതിരെ ഡിജിപിക്കും എൻആർഐ സെല്ലിനും സൈബർ ഡോമിനും പരാതി നൽകിയെന്ന് എം രാധാകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് സമാന്തര വെബ്സൈറ്റുണ്ടാക്കി പണം തട്ടുന്ന വിവരം പുറത്തുകൊണ്ടുവന്നത്. 

പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തുനൽകാം എന്ന് വാഗ്ദാനം നൽകി വൻ പണത്തട്ടിപ്പാണ് നടന്നത്. ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടന്നത്. അബുദാബിയിലെ സാംസ്കാരിക സംഘടനാ പ്രവർത്തകനും സിപിഎം തൃശ്ശൂർ ജില്ലാ നേതാവിന്‍റെ മകനുമായ നിർമൽ തോമസാണ് സർക്കാർ സേവനത്തിനായി സർവീസ് ഫീസ് എന്ന പേരിൽ സ്വന്തം അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് പ്രവാസികളിൽ നിന്നും പണം തട്ടിയത്. 

വിദേശത്ത് അധ്വാനിക്കുന്ന മലയാളിക്ക് വിവിധ ക്ഷേമ സഹായ പദ്ധതികൾ നൽകുന്ന സംസ്ഥാന സർക്കാരിന്‍റെ സംവിധാനമാണ് പ്രവാസി ക്ഷേമനിധി ബോർഡ്. ചികിത്സ, പഠനസഹായം എന്നിങ്ങനെ നിരവധി ക്ഷേമപദ്ധതികളുടെ ഗുണഭോക്താവാകാൻ അംഗത്വമെടുത്ത് മാസം അംശാദായം അടയ്ക്കേണ്ടതുണ്ട്. pravasikerala.org എന്ന സർക്കാർ പോർട്ടലിൽ കയറി ക്ഷേമനിധി ബോർ‍ഡിൽ അംഗത്വമെടുക്കാൻ വെറും 200 രൂപയാണ് ഫീസ്. ഇതിന് സമാന്തരമായി ഒരു തട്ടിക്കൂട്ട് വെബ്സൈറ്റ് ഉണ്ടാക്കിയായിരുന്നു പണത്തട്ടിപ്പ്. 

nrifuture.com. എന്ന വെബ്സൈറ്റ് വഴി പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തുനൽകുമെന്നായിരുന്നു വാഗ്ദാനം. കൊച്ചി ആസ്ഥാനമായി സ്വന്തം ഓഫീസും കസ്റ്റമർ കെയർ സംവിധാനവും ഒക്കെ സ്ഥാപിച്ചാണ് കച്ചവടം നടത്തിയിരുന്നത്. ഈ സർക്കാർ സേവനം കിട്ടാൻ ഇവരുടെ പേയ്മെന്‍റ് ഗേറ്റ് വേയിലേക്ക് 750 രൂപ അടയ്ക്കണം. ക്ഷേമനിധി ബോർഡ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ 550 രൂപ അധികമാണിത്. കമ്പനി അക്കൗണ്ടിലേക്ക് പണം അടയ്ക്കാൻ ആവുന്നില്ലെങ്കിൽ നിർമൽ തോമസ് എന്നയാളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം അടച്ചാലും മതി. 

Follow Us:
Download App:
  • android
  • ios