Asianet News MalayalamAsianet News Malayalam

പ്രവാസി ക്ഷേമനിധിയുടെ പേരില്‍ വൻ പണത്തട്ടിപ്പ്; പിന്നില്‍ സിപിഎം നേതാവിന്റെ മകന്‍

അബുദാബിയിലെ സാംസ്കാരിക സംഘടനാ പ്രവർത്തകനും സിപിഎം തൃശ്ശൂർ ജില്ലാ നേതാവിന്‍റെ മകനുമായ നിർമൽ തോമസാണ് പണം തട്ടുന്നത്.

CPM leaders son Behind the scams in name of Norka Roots
Author
Chennai, First Published Nov 22, 2021, 11:21 AM IST

ചെന്നൈ: പ്രവാസി ക്ഷേമ നിധി ബോർഡിൽ അംഗത്വം എടുത്തുനൽകാം എന്ന് വാഗ്ദാനം നൽകി വൻ പണത്തട്ടിപ്പ്. ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ് സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. അബുദാബിയിലെ സാംസ്കാരിക സംഘടനാ പ്രവർത്തകനും സിപിഎം തൃശ്ശൂർ ജില്ലാ നേതാവിന്‍റെ മകനുമായ നിർമൽ തോമസാണ് സർക്കാർ സേവനത്തിനായി സർവീസ് ഫീസ് എന്ന പേരിൽ സ്വന്തം അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് പ്രവാസികളിൽ നിന്നും പണം തട്ടുന്നത്.

വിദേശത്ത് അധ്വാനിക്കുന്ന മലയാളിക്ക് വിവിധ ക്ഷേമ സഹായ പദ്ധതികൾ നൽകുന്ന സംസ്ഥാന സർക്കാരിന്‍റെ സംവിധാനമാണ് പ്രവാസി ക്ഷേമനിധി ബോർഡ്. പ്രവാസിപെൻഷൻ, ചികിത്സ, പഠനസഹായം എന്നിങ്ങനെ നിരവധി ക്ഷേമപദ്ധതികളുടെ ഗുണഭോക്താവാകാൻ അംഗത്വമെടുത്ത് മാസം അംശാദായം അടയ്ക്കേണ്ടതുണ്ട്. pravasikerala.org എന്ന സർക്കാർ പോർട്ടലിൽ കയറി ക്ഷേമനിധി ബോർ‍ഡിൽ അംഗത്വമെടുക്കാൻ വെറും 200 രൂപയാണ് ഫീസ്. ഇതിന് സമാന്തരമായി ഒരു തട്ടിക്കൂട്ട് വെബ്സൈറ്റ് ഉണ്ടാക്കിയാണ് പണത്തട്ടിപ്പ് നടന്നത്.

nrifuture.com. എന്ന വെബ്സൈറ്റ് വഴി പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തുനൽകുമെന്നാണ് വാഗ്ദാനം. കൊച്ചി ആസ്ഥാനമായി സ്വന്തം ഓഫീസും കസ്റ്റമർ കെയർ സംവിധാനവും ഒക്കെ സ്ഥാപിച്ചാണ് കച്ചവടം. ഈ സർക്കാർ സേവനം കിട്ടാൻ ഇവരുടെ പേയ്മെന്‍റ് ഗേറ്റ് വേയിലേക്ക് പണമടയ്ക്കണം. 750 രൂപയാണ് ഫീസ്. ക്ഷേമനിധി ബോർഡ് വെബ് സൈറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ 550 രൂപ അധികം. കമ്പനി അക്കൗണ്ടിലേക്ക് പണം അടയ്ക്കാൻ ആവുന്നില്ലെങ്കിൽ നിർമൽ തോമസ് എന്നയാളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് അടച്ചാലും മതിയെന്നാണ് നിർദേശം.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗവുമായ മേരി തോമസിന്‍റെ മകൻ നിർമൽ തോമസാണ് തട്ടിപ്പ് കമ്പനിയുടെ നടത്തിപ്പുകാരൻ. ഇയാളുടെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ കൂടിയാണ് പ്രധാനമായും സമാന്തര വെബ് സൈറ്റിന്‍റെ പ്രചാരണം. ഇടത് അനുഭാവികൾ നേതൃത്വം നൽകുന്ന അബുദാബിയിലെ സാംസ്കാരിക സ്ഥാപനമായ കേരള സോഷ്യൽ സെന്‍റർ, ആർട്സ് വിഭാഗം സെക്രട്ടറിയാണ് നിർമൽ തോമസ്. വിദേശത്തെ പൊതുപ്രവർത്തനം വഴി കിട്ടിയ സാമൂഹിക മൂലധനം ഉപയോഗിച്ച്
പ്രവാസികളെ തന്നെ പിഴിയുന്നു.

സർക്കാർ സംവിധാനത്തിന് സമാന്തരമായി ഇങ്ങനെയൊരു തട്ടിപ്പ് ഒരു ഒളിവും മറയുമില്ലാതെ നടക്കുമ്പോഴും പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ വെബ്സൈറ്റിലുള്ളത് രണ്ട് വരി മുന്നറിയിപ്പ് മാത്രമാണ്. വ്യാജ പരസ്യങ്ങളിൽ പെട്ട് ചൂഷണത്തിന് ഇരയാകരുത് എന്ന് മാത്രം. 60 വയസ് കഴിഞ്ഞാൽ ഒരു തുക പെൻഷൻ കിട്ടുമെന്ന് കരുതി ക്ഷേമനിധി അംഗത്വമെടുക്കാം എന്ന് കരുതുന്ന വ്യാപാരസ്ഥാപനങ്ങളിലും കഫറ്റേരിയകളിലും നിർമാണ മേഖലയിലുമൊക്കെ തൊഴിലെടുക്കുന്ന സാധാരണക്കാരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. പത്ത് മിനിറ്റ് കൊണ്ട് ഔദ്യോഗിക വെബ് സൈറ്റ് വഴി 200 രൂപയടച്ച് അംഗത്വത്തിന് അപേക്ഷ നൽകാമെന്നിരിക്കെ നൂറുകണക്കിനാളുകൾ ഇതിനകം 750 രൂപ വീതം ഇയാളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് നൽകിക്കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios