
കോട്ടയം: കേരളമാകെ കണ്ണീരിലാഴ്ന്ന ദിനങ്ങൾ, വിങ്ങലോടെ പുതുപ്പള്ളിയിലേക്ക് അടിവെച്ചെത്തിയ ലക്ഷക്കണക്കിന് മനുഷ്യർ, മരണശേഷവും പുതുപ്പള്ളി പള്ളിയിലെ കല്ലറയ്ക്കു മുന്നിൽ വേദനകളും ആവലാതികളും പരാതിയും പങ്കുവെക്കാനെത്തിയവർ. ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗത്തിനപ്പുറം 'ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ കരുത്തനായ ഉമ്മന്‍ ചാണ്ടി'യുടെ അദൃശ്യ സാന്നിധ്യം പുതുപ്പള്ളിയിൽ ഉണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വമടക്കം വിശ്വസിക്കുന്നത്. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻ ചാണ്ടിയാണ് മരിച്ച ശേഷമെന്നും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പാർട്ടിക്ക് കരുത്തായി തുടരുമെന്നും രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ പറഞ്ഞിരുന്നു.
'ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ പത്തിരട്ടി ശക്തനും അൺ ടച്ചബിളുമാണ് ഇപ്പോഴത്തെ ഉമ്മൻ ചാണ്ടി'യെന്നാണ് വോട്ടിംഗ് ദിനത്തിൽ ഉമ്മൻ ചാണ്ടിയുടെ മകള്‍ മറിയാമ്മ ഉമ്മന്‍റെയും പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും വോട്ടിംഗ് ദിനത്തിലും ഒടുവിൽ ഫലം വന്ന് ചരിത്ര വിജയം നേടുമ്പോഴും ചാണ്ടി ഉമ്മനൊപ്പം ആരവുമയർത്തിയ ജനസഞ്ചയം മുദ്രാവാക്യം വിളിച്ചത് ഏറെയും ഉമ്മൻ ചാണ്ടിക്കായാണ്. 'അപ്പയുടെ പതിമൂന്നാം വിജയം' ആയിട്ടാണ് കണക്കാക്കുന്നത് എന്നാണ് വിജയ ശേഷം ചാണ്ടി ഉമ്മനും പ്രതികരിച്ചത്. അപ്പയെ സ്നേഹിച്ച എല്ലാവരുടെയും വിജയമാണെന്നും ചാണ്ടി പറയുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫി സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സിഒടി നസീറിന്‍റെ ഉമ്മയായിരുന്നു. തന്നെ ഉപദ്രവിച്ചവരെ പോലും പിന്നീട് സ്നേഹത്തിലാക്കുന്ന ഉമ്മൻ ചാണ്ടിയുടെ മാജിക്ക് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കരുത്തായിരുന്നു. പുതുപ്പള്ളിയുടെ മുക്കിലും മൂലയിലും ചാണ്ടിക്ക് ലഭിച്ച സ്വീകരണങ്ങള്‍ കുഞ്ഞൂഞ്ഞിനോടുള്ള സ്നേഹത്തിന്‍റെ ബാക്കിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വരെ പ്രതികരിച്ചത്.
1970 ൽ കോൺഗ്രസിന്‍റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു തെരഞ്ഞെടുപ്പേ ഉണ്ടായിട്ടുള്ളു, അത് ഉമ്മൻ ചാണ്ടി മാത്രമാണ്. പുതുപ്പളിയുമായുള്ള ആ രസതന്ത്രത്തിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയ ജനപ്രതിനിധിയെന്ന റെക്കോർഡും ഉമ്മൻ ചാണ്ടിയെ തേടിയെത്തി. ജീവിച്ചിരുന്ന കാലത്തും മരിച്ചശേഷവും ജനങ്ങളുടെ കോടതിക്ക് എല്ലാം വിട്ടുകൊടുത്ത നേതാവിനെ വീണ്ടും വാനോളമുയർത്തിയാണ് പുതുപ്പള്ളിയുടെ ജനങ്ങൾ മകന്‍റെ വിജയത്തെ എതിരേറ്റത്.
വോട്ടെണ്ണൽ തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഉമ്മൻ ചാണ്ടിയുടെ വലിയ ഫ്ലക്സുകളുമായി ആഘോഷം തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരുടെ ആത്മ വിശ്വാസം ഉമ്മൻ ചാണ്ടിയോടുള്ള വിശ്വാസം തന്നെയായിരുന്നു. എന്തായാലും ഇനി ചാണ്ടി ഉമ്മൻ നേരിടാൻ പോകുന്നത് വെല്ലുവിളിയും ഉമ്മൻ ചാണ്ടിയോട് പുതുപ്പള്ളിക്കാർക്കുള്ള വിശ്വാസവും സ്നേഹവും നില നിർത്തുക എന്നതാകും.
Read More : 'ഒർജിനൽ പുണ്യാളൻ തന്നെ, സംശയമുണ്ടോ'; വീണ്ടും ചർച്ചയായി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ
'ഞങ്ങടെ ഓമന നേതാവേ'; മരിച്ചശേഷവും കരുത്ത് കാട്ടി പുതുപ്പള്ളിയുടെ പ്രിയപ്പെട്ട ഒ സി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam