'ഇലക്ഷൻ ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്‍റെ അടുത്ത് പോയി സഖാവ് ജെയിക്കിന്‍റെ വിജയത്തിന് വേണ്ടി പ്രാർത്ഥന സമർപ്പിച്ചിട്ടുണ്ട്. പുണ്യാളൻ ഒർജിനൽ ആണോ എന്ന് എട്ടാം തീയതി അറിയാം'- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വോട്ടെടുപ്പ് ദിനമായ അഞ്ചാം തീയതി 'പുതിയ പുണ്യാളാ ജെയ്ക്കിന് വേണ്ടി പ്രാർത്ഥിക്കണമേ' എന്നാവശ്യപ്പെട്ട് ഒരു കുറിപ്പ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സഭയേയും ഉമ്മൻ ചാണ്ടിയേയും അവഹേളിക്കാനാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ പുതിയ വിവാദത്തിനും തിരികൊളുത്തി. ഈ പോസ്റ്ററിന് മറുപടിയുമായി ഇപ്പോള്‍ കോണ്‍ഗ്രസ് അണികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇടത് അനുഭാവിയായ മെൽബിൻ സെബാസ്റ്റ്യൻ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാദങ്ങളുടെ തുടക്കം. 'ഇലക്ഷൻ ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്‍റെ അടുത്ത് പോയി സഖാവ് ജെയിക്കിന്‍റെ വിജയത്തിന് വേണ്ടി പ്രാർത്ഥന സമർപ്പിച്ചിട്ടുണ്ട്. പുണ്യാളൻ ഒർജിനൽ ആണോ എന്ന് എട്ടാം തീയതി അറിയാം'- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണണ്ടിയെ അവഹേളിക്കാനാണെന്നും പിന്നിൽ ഇടത് സൈബർ കേന്ദ്രങ്ങളാണെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.
'തെരഞ്ഞെടുപ്പ് ഫലം വന്നു, പുണ്യാളൻ ഒർജിനൽ തന്നെ, സംശയമുണ്ടോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തെത്തി. അതേസമയം മെൽബിൻ സെബാസ്റ്റ്യൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്. മരിച്ച് പോയ ഉമ്മൻ ചാണ്ടിയെ പോലും ഇടത് സൈബർ അണികള്‍ വെറുതെ വിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാവരും മാളത്തിൽ ഒളിച്ചെന്നുമാണ് സോഷ്യൽ മീഡിയയിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ പരിഹാസം. പുതുപ്പള്ളി പുണ്യാളൻ ഉമ്മൻ ചാണ്ടിയാമെന്നും ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് ഇപ്പോഴെന്നും അണികള്‍ പറയുന്നു.
ജിവിച്ച കാലത്ത് എന്നും ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ കല്ലറയിലേക്ക് വൻ ജനപ്രവാഹമായിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീർഥയാത്ര പോലെ എത്തിയവരിൽ പലരും നിവേദനങ്ങളും അപേക്ഷകളും പ്രാർത്ഥനകളുമായാണ് എത്തിയിരുന്നത്. ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള സംഗീതയുടെ നിവേദനം തുടങ്ങി, കുടുംബ പ്രശ്നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് തീസിസ് പ്രോസസ് ചെയ്ത് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടുമടക്കം കല്ലറയിൽ അപേക്ഷകളെത്തിയിരുന്നു.
Read More : ജി 20 ഉച്ചകോടി നാളെ തുടങ്ങും ; ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും, ചൈനയ്ക്കെതിരെ ടിബറ്റൻ സമൂഹം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം- Live Updates
