Latest Videos

കോഴിക്കോട് ജില്ലയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

By Web TeamFirst Published Nov 13, 2020, 12:05 AM IST
Highlights

അതിനിടെ  സീറ്റ് വിഭജനത്തില്‍ അതൃപ്തി വീണ്ടും പരസ്യമാക്കിയ ജനതാദള്‍ സെക്യുലര്‍ സ്വന്തം നിലയില്‍ പത്രിക നല്‍കുമെന്ന് പ്രഖ്യാപിച്ചു.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റുകൾ പോലും പാർട്ടിക്ക് നൽകിയില്ലെന്നാണ് ജെഡിഎസിന്‍റെ പരാതി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിനുളള ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. അതിനിടെ  സീറ്റ് വിഭജനത്തില്‍ അതൃപ്തി വീണ്ടും പരസ്യമാക്കിയ ജനതാദള്‍ സെക്യുലര്‍ സ്വന്തം നിലയില്‍ പത്രിക നല്‍കുമെന്ന് പ്രഖ്യാപിച്ചു.  

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റുകൾ പോലും പാർട്ടിക്ക് നൽകിയില്ലെന്നാണ് ജെഡിഎസിന്‍റെ പരാതി. കോഴിക്കോട് കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുളള സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഇടതുമുന്നണി യോഗ ശേഷമാണ് ജനതാദള്‍ സെക്യുലര്‍ അതൃപ്തി പരസ്യമാക്കിയത്.

ലോക് താന്ത്രിക് ജനതാദളും കേരള കോണ്‍ഗ്രസും വന്നതോടെ മുന്നണിയിലുണ്ടായിരുന്ന ചെറുപാര്‍ട്ടികളെ സിപിഎം അവഗണിക്കുന്നു എന്നാണ് പരാതി. കഴിഞ്ഞ വട്ടം ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റുണ്ടായിരുന്ന ജെഡിഎസിന് ഇക്കുറി സീറ്റില്ല. കോര്‍പറേഷനില്‍ മൂന്നു സീറ്റില്‍ മല്‍സരിച്ച സ്ഥാനത്ത് ഇക്കുറി ഒരു സീറ്റ് പോലും ഉറപ്പില്ലാത്ത സ്ഥിതിയുമാണ്. എന്നാല്‍ മുന്നണിയില്‍ പുതിയ പാര്‍ട്ടികള്‍ വന്ന സാഹചര്യത്തില്‍ എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് സിപിഎം നിലപാട്.

ഇടതുമുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു. ലോക് താന്ത്രിക് ജനതാദളിന് അമിതമായ പരിഗണന നല്‍കുന്നുവെന്ന പരാതി സിപിഐക്കുമുണ്ട്. കഴിഞ്ഞ വട്ടം കോര്‍പ്പറേഷനില്‍ ആറ് സീറ്റില്‍ മല്‍സരിച്ച സിപിഐ ഇക്കുറി അഞ്ച് സീറ്റിലേക്ക്  ചുരുങ്ങി. ജില്ലാ പഞ്ചായത്തില്‍ നാല് സീറ്റില്‍ മല്‍സരിച്ച സ്ഥാനത്ത് ഇക്കുറി സിപിഐക്ക് കിട്ടിയത് മൂന്നു സീറ്റ് മാത്രമാണ്. 

click me!