
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാട് കബളിപ്പിക്കലാണെന്ന് സിപിഎം. ശബരിമല സംവാദ വിഷയമാക്കി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഇടത് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ശബരിമല വിഷയത്തിൽ നിയമം നിർമ്മിക്കും എന്ന് പറയുന്നത് അസാധ്യമായ കാര്യമാണെന്നും ഇത് കോടതി മുന്നാകെ നിൽക്കുന്ന വിഷയമാണെന്നും വിജയരാഘവൻ വ്യക്തമാക്കി.
യുഡിഎഫിന്റെ ഐശ്വര്യ കേരളം ജാഥയിൽ പിണറായി വിജയനെ വ്യക്തിഹത്യ നടത്തുകയാണെന്നും സിപിഎം ആരോപിക്കുന്നു. കെ സുധാകരൻ നടത്തിയത് അത്യന്തം ഹീനമായ പ്രസ്താവനയാണെന്നും വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പിൻവാതിൽ നിയമനങ്ങളെ വിജയരാഘവൻ ന്യായീകരിച്ചു. പത്ത് കൊല്ലം ജോലി ചെയ്തവരെ തെരുവിലേക്ക് തള്ളാനാവില്ലെന്നും വിമർശനമുന്നയിക്കുന്നവർ മനുഷ്യത്തമില്ലാത്തവരാണെന്നും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന വിജയരാവൻ പറഞ്ഞു.
ഇടത് പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥയ്ക്ക് വികസന മുന്നേറ്റ ജാഥ എന്ന് പേരിട്ടു. എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ജാഥയെന്നും ഇടത് കൺവീനർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam