തൃക്കാക്കര നഗരസഭ; വിജയം ഇടതുമുന്നണിക്ക്, കൗണ്‍സിലര്‍ ചതിച്ചതാണെന്ന് യുഡിഎഫ്

By Web TeamFirst Published Nov 6, 2019, 2:48 PM IST
Highlights

സിപിഎമ്മിലെ  ഉഷ പ്രവീണ്‍ ഒരു വോട്ടിന്‍റെ വ്യത്യാസത്തില്‍ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുമുന്നണിക്കും തുല്യ അംഗങ്ങളുള്ള സഭയില്‍ കോണ്‍ഗ്രസിന്‍റെ കെ  ഇ മജീദിന്‍റെ വോട്ട് അസാധു ആയതോടെയാണ് ഉഷ തെരഞ്ഞെടുക്കപ്പെട്ടത്.

കൊച്ചി: തൃക്കാക്കര നഗരസഭയില്‍  നാല് വര്‍ഷത്തിനിടെ നടന്ന നാലാമത്തെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ജയം. സിപിഎമ്മിലെ  ഉഷ പ്രവീണ്‍ ഒരു വോട്ടിന്‍റെ വ്യത്യാസത്തില്‍ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുമുന്നണിക്കും തുല്യ അംഗങ്ങളുള്ള സഭയില്‍  കോണ്‍ഗ്രസിന്‍റെ കെ  ഇ മജീദിന്‍റെ വോട്ട് അസാധു ആയതോടെയാണ് ഉഷ തെരഞ്ഞെടുക്കപ്പെട്ടത്. അരക്കോടി രൂപ കോഴ വാങ്ങി മജീദ് ചതിക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.

ഇടതു മുന്നണി ഉഷാ പ്രവീണിനെയും യുഡിഎഫ് അജിത  തങ്കപ്പനെയുമാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിപ്പിച്ചത്. 43 അംഗ സഭയില്‍ ഇരുമുന്നണിക്കും 21 അംഗങ്ങള്‍ വീതമാണുള്ളത്.  ഈ സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ തുല്യത വരുമെന്നും നറുക്കിട്ടെടുത്ത് അധ്യക്ഷയെ കണ്ടെത്തേണ്ടി വരുമെന്നു ആയിരുന്നു പ്രതീക്ഷ. എന്നാല്‍  വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കെ ഇ മജീദിന്‍റെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന് പിന്നില്‍ ഒപ്പിടാത്തതായിരുന്നു കാരണം. ഇതോടെ ഒരു വോട്ടിന്‍റെ വ്യത്യാസത്തില്‍ ഉഷ പ്രവീണ്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തൊട്ടുപിറകെ ഗുരുതര ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. 

2015 ലെ തെരഞ്ഞെടുപ്പിന് ശേഷം കെ കെ നീനു, എം ടി ഓമന, ഷീല ചാരു എന്നിവര്‍ക്ക് പിറകെ  നഗരസഭ അധ്യക്ഷയാകുന്ന നാലാമത്തെയാളാണ് ഉഷാ പ്രവീണ്‍. കൂറുമാറ്റത്തെ തുടര്‍ന്ന് മുന്‍ അധ്യക്ഷ ഷീല ചാരുവിന് അയോഗ്യത കല്‍പ്പിച്ചതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

Read Also: നറുക്ക് വീഴുക എല്‍‍ഡിഎഫിനോ യുഡിഎഫിനോ; തൃക്കാക്കര നഗരസഭയിലെ പുതിയ അധ്യക്ഷയെ ഇന്നറിയാം

click me!