കൊച്ചി: തൃക്കാക്കര നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടക്കും. അജിത തങ്കപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയും ഉഷ പ്രവീൺ എൽഡിഎഫ് സ്ഥാനാർത്ഥിയുമാണ്. 43 അംഗങ്ങളുള്ള നഗരസഭയിൽ കൂറുമാറിയ ഷീല ചാരുവിനെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുപക്ഷത്തും ഇരുപത്തൊന്ന് വീതം അംഗങ്ങളുള്ളതിനാൽ നറുക്കെടുപ്പ് നടത്തിയായിരിക്കും അധ്യക്ഷയെ തെരഞ്ഞെടുക്കുക.കഴിഞ്ഞ 9 മാസമായി എൽഡിഎഫ് ആണ് തൃക്കാക്കര നഗരസഭ ഭരിക്കുന്നത്. പട്ടികവിഭാഗ സംവരണമാണ് തൃക്കാക്കര നഗരസഭയിൽ അധ്യക്ഷപദവി.

2015 ൽ തൃക്കാക്കര നഗരസഭയിൽ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ അനിശ്ചിതത്വമാണ് ഒടുവിൽ തെരഞ്ഞെടുപ്പിലേക്ക് എത്തി നിൽക്കുന്നത്. 43 അംഗങ്ങൾ ഉള്ളതിൽ യുഡിഎഫ് 21, എൽഡിഎഫ് 20, യുഡിഎഫ് വിമതൻ 1, എൽഡിഎഫ് വിമതൻ 1 എന്നിങ്ങനെയായിരുന്നു 2015 ലെ കക്ഷിനില. യുഡിഎഫ് ഭരണത്തിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും രണ്ട് വിമതന്മാരേയും കൂട്ടുപിടിച്ചാണ് എൽഡിഎഫിലെ കെ കെ നീനു അന്ന് അധ്യക്ഷ പദവിയിൽ എത്തിയത്.

എന്നാൽ യുഡിഎഫ് വിമതൻ, ക്യാമ്പിൽ തിരിച്ചെത്തിയതോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് യുഡിഎഫ് നീനുവിനെ പുറത്താക്കി. കോൺഗ്രസിലെ എം ടി ഓമനയായിരുന്നു പിന്നീട് അധ്യക്ഷയായത്. എന്നാൽ യുഡിഎഫിലെ അധ്യക്ഷപദവി വീതം വയ്പ്പിൽ പരിഗണന കിട്ടാതിരുന്ന കോൺഗ്രസ് കൗൺസിലർ ഷീല ചാരു കൂറുമാറിയതോടെ എം ടി ഓമനയ്ക്ക് അധ്യക്ഷ പദവി നഷ്ടമായി.

അധ്യക്ഷ പദവി നൽകിയാണ് എൽഡിഎഫ് 9 മാസം മുൻപ് ഷീല ചാരുവിനെ കൂറുമാറ്റി നഗരസഭയിൽ ഭരണം പിടിച്ചെടുത്തത്. എന്നാൽ രണ്ടാഴ്ച മുൻപ് കൂറുമാറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ ഷീല ചാരു അയോഗ്യയായി. ആക്ടിംഗ് ചെയർമാൻ കെ ടി എൽദോയുടെ നേതൃത്വത്തിലാണ് നിലവിൽ നഗരസഭയിൽ ഭരണം. 9 മാസമായുള്ള ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

എന്നാൽ നറുക്കെടുപ്പിൽ ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുമുണ്ട്. ചാക്കിട്ടുപിടിക്കാൻ ഇരുമുന്നണികളും ശ്രമിക്കാത്തതിനാൽ അട്ടിമറിക്കുള്ള സാധ്യതകൾ കുറവാണ്.