ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ ഹൈക്കോടതിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കി. നിയമനത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ആഭ്യന്തര വകുപ്പിനോട് കോടതി നിർദേശിച്ചു. പി എസ് സിയെ മറികടന്നുള്ള നിയമനം നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

കൊച്ചി: ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനത്തിലെ രേഖകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ. അന്വേഷണ ആവശ്യം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിൽ എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും തീരുമാനം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിനാണ് ഹൈക്കോടതിയുടെ നിർദേശം. നിയമനം ലഭിച്ച ബോഡി ബിൽഡർ ഷിനു ചൊവ്വ ഹർജിയിൽ കക്ഷിചേർന്നിട്ടുണ്ട്. വിഷയം 17ന് പരിഗണിക്കാൻ മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ അഭിഭാഷകൻ വി സേതുനാഥ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.

ഇരുവർക്കും നൽകിയ നിയമനത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. കെ എം ഷാജഹാൻ ഹർജി നൽകിയത്. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടി. കഴിഞ്ഞ സർക്കാർ പാർട്ടി ബന്ധത്തിന്‍റെ പേരിലാണ് ഇരുവർക്കും നിയമനം നൽകിയതെന്നും പി എസ് സിയെ മറികടന്ന് ഇത്തരത്തിൽ നേരിട്ടുള്ള നിയമനം നടത്താൻ നിയമപരമായ സാധുതയില്ലെന്നും ആണ് പരാതി.