'ലീഡർ' വിളി കെണി; ഇത്തരം വിളികളില്‍ വീഴില്ലെന്ന് സതീശന്‍, ഒടുവില്‍ ഫ്ലക്സുകള്‍ മാറ്റി

Published : Jun 06, 2022, 07:52 PM ISTUpdated : Jun 06, 2022, 07:59 PM IST
'ലീഡർ' വിളി കെണി; ഇത്തരം വിളികളില്‍ വീഴില്ലെന്ന് സതീശന്‍, ഒടുവില്‍ ഫ്ലക്സുകള്‍ മാറ്റി

Synopsis

തിരുവനന്തപുരം നഗരത്തിൽ വി ഡി സതീശനെ ലീഡർ എന്ന് വിശേഷിപ്പിച്ച് വെച്ച ഫ്ലക്സുകളാണ് മാറ്റിയത്. തന്നെ ലീഡർ എന്ന് വിളിക്കരുതെന്ന് പറഞ്ഞ വി ഡി സതീശൻ, ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ പേരിൽ വി ഡി സതീശനെ 'ലീഡർ' എന്ന് വിളിച്ച് ഉയര്‍ന്ന ഫ്ലക്സ് മാറ്റി. തിരുവനന്തപുരം നഗരത്തിൽ വി ഡി സതീശനെ ലീഡർ എന്ന് വിശേഷിപ്പിച്ച് വെച്ച ഫ്ലക്സുകളാണ് മാറ്റിയത്. തന്നെ ലീഡർ എന്ന് വിളിക്കരുതെന്ന് പറഞ്ഞ വി ഡി സതീശൻ, ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

ലീഡർ-ക്യാപ്റ്റൻ വിളികൾ കെണിയാണെന്നും അതിൽ താന്‍ വീഴാനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. താൻ ലീഡർ അല്ലെന്നും, ലീഡർ എന്ന വിളിയ്ക്ക് അർഹനായ ഒരേയൊരാൾ മാത്രമേയുള്ളൂ കേരള രാഷ്ട്രീയത്തിൽ ഉള്ളൂ, അത് ലീഡർ കെ കരുണാകരനാണെന്നും വി ഡി സതീശൻ പറഞ്ഞു. ക്യാപ്റ്റൻ വിളിയിലും ലീഡർ വിളിയിലും ഒന്നും താൻ വീഴില്ല. തന്‍റെ മാത്രം ഫ്ലക്സ് വച്ചാൽ അത് ശരിയല്ല, എന്ന് തന്നെയാണ് അഭിപ്രായം. ഫ്ലക്സ് വയ്ക്കുകയാണെങ്കിൽ എല്ലാവരുടെയും ഫ്ലക്സ് വയ്ക്കണം. തന്‍റെ മാത്രം ചിത്രമുള്ള ഫ്ലക്സ് ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ മാറ്റിക്കുമെന്നും വി ഡി സതീശൻ തിരുവനനന്തപുരം വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, തൃക്കാക്കര ജയത്തിന്‍റെ ക്രെഡിറ്റ് സതീശന് മാത്രം നൽകിയുള്ള ലീഡർ വിളിക്കും പ്രചാരണത്തിനുമെതിരെ കോൺഗ്രസ്സിൽ അതൃപ്തി പുകയുന്നുണ്ട്. 

Also Read: 'തൃക്കാക്കര ഒരാളുടെ മാത്രം ജയമല്ല', 'ലീഡർ' ഫ്ലക്സിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു?

തൃക്കാക്കരയിലെ വിജയത്തിന് പിന്നാലെയാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച സതീശനെ കോൺഗ്രസ് ജനപ്രതിനിധികളടക്കം യഥാർത്ഥ ക്യാപ്റ്റൻ എന്ന് വിളിച്ചുതുടങ്ങിയത്. പീന്നീട് ലീഡർ എന്നായി വിളിപ്പേര്. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ സതീശന് വിമാനത്താവളത്തിൽ ഡിസിസി ഒരുക്കിയത് വൻ സ്വീകരണമാണ്. നഗരത്തിലൂടനീളം സതീശനെ ലീഡറാക്കി വാഴ്ത്തുന്ന ഫ്ലക്സുകളാണുള്ളത്. ഫലം വന്ന ദിവസവും മുതൽ ക്രെഡിറ്റ് സതീശന് മാത്രമായി നൽകുന്നതിൽ എ-ഐ ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. കെപിസിസി അധ്യക്ഷനെ അടക്കം ഒഴിവാക്കി സതീശനെ മാത്രം ഉയർത്തിക്കാട്ടിയുള്ള വ്യക്തിപൂജാ ശ്രമം ആസൂത്രണത്തിന്‍റെ ഭാഗമാണെന്നാണ് വിമർശകരുടെ ആക്ഷേപം. മുറുമുറുപ്പ് ഉയരുന്നതിനിടെയാണ് ലീഡർ വിളി സതീശൻ തള്ളിയത്.

Also Read: 'ലീഡർ വിളി വേണ്ട, എന്‍റെ മാത്രം ചിത്രമുള്ള ഫ്ലക്സുകൾ ഇന്ന് തന്നെ മാറ്റിക്കും', സതീശൻ

തന്‍റെ പേരിൽ മാത്രമുള്ള ഫ്ലക്സുകൾ നീക്കം ചെയ്യാനാണ് സതീശന്‍റെ ആഹ്വാനം.തൃക്കാക്കരയിലേത് കൂട്ടായ്മയുടെ ജയമാണെന്നാണ് വിശദീകരണം. ലീ‍ഡർ വിളി തള്ളുമ്പോഴും ഫ്ലക്സ് ഉയരുന്നതൊക്കെ ജയത്തിന്‍റെ ആവേശമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. സംഘടനാ തെരഞ്ഞെടുപ്പിന്‍റെ നടപടികളിലേക്ക് കൂടി പാർട്ടി കടക്കാനിരിക്കെ തൃക്കാക്കര ഫലം സതീശനെ കൂടുതൽ കരുത്തനാക്കുന്നുണ്ട്. പല ഗ്രൂപ്പുകളിൽ നിന്നും കൂടുതൽ പേർ വിഡിക്കൊപ്പം നീങ്ങാനൊരുങ്ങുന്നുമുണ്ട്. ഇത് കൂടി മുന്നിൽ കണ്ടാണ് ലീഡർ വിളിക്കെതിരായ ഗ്രൂപ്പുകളുടെ അമർഷം. അതേസമയം മുഖ്യമന്ത്രിയോട് ഏറ്റുമുട്ടി തൃക്കാക്കരയിൽ മുന്നിൽ നിന്നും നയിച്ച പ്രതിപക്ഷ നേതാവിന് പിന്തുണ കൂടുന്നത് സ്വാഭാവിക നടപടിയാണെന്ന് വി ഡി അനുകൂലികൾ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍