'കോട്ടയെന്നാലത് ഉരുക്കുകോട്ട, ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട, പിന്നെന്തിനതിനൊരു അപരപിതൃത്വമെന്നതത്ഭുതം. ഞാനെന്നെ നേതാവെന്ന് വിളിച്ചാലാകുമോ ഞാനൊരു നേതാവെന്നോർക്കണം'

തിരുവനന്തപുരം: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിന് മുന്നിലും ബൈപ്പാസിലും അടക്കം വിവിധ കോൺഗ്രസ് അനുകൂലസംഘടനകളുടെ പേരിൽ വി ഡി സതീശനെ 'ലീഡർ' എന്ന് വിളിച്ച് ഫ്ലക്സുകളുയർന്നതിൽ കോൺഗ്രസിൽ അതൃപ്തി. പ്രതിപക്ഷനേതാവ് വി ഡി സതീശനെ പുതിയ ലീഡർ എന്ന് വിളിക്കുന്ന ഫ്ലക്സിനെതിരെയാണ് പാർട്ടിയ്ക്ക് അകത്ത് തന്നെ ഒരു വിഭാഗത്തിനിടയിൽ അതൃപ്തി പുകയുന്നത്. ഇന്ന് തിരുവനന്തപുരത്ത് വി ഡി സതീശന് വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് വൻസ്വീകരണം ഒരുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽക്കൂടിയാണ് പാർട്ടിക്ക് അകത്ത് നിന്ന് തന്നെ വിമർശനമുയരുന്നത്. 

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ കവിതയിലൂടെയാണ് പ്രതിഷേധമറിയിച്ചത്. ''പാഠം 1- പഠിക്കാനുണ്ടേറെ'', എന്നാണ് കവിതയുടെ തലക്കെട്ട്. കവിത ഇങ്ങനെ:

കവിത : "പഠിക്കാനുണ്ടേറെ.." 
പഠിക്കാനുണ്ടേറെ....
ഇനിയും പഠിക്കാനുണ്ടേറെ... 
പ്രഭാത സവാരിക്കിറങ്ങിയവർ, 
കണ്ടുഞെട്ടി സുന്ദരമുഖങ്ങൾ- പടങ്ങളിൽ...
മാധ്യമങ്ങളിൽ
കണ്ടമുഖമല്ലിതെന്നുറപ്പ്.. 
അതൊരു നാരീ മുഖമാണെന്നുറപ്പല്ലോ. . 
എന്നാലിതെന്തത്ഭുതം... 
സൂക്ഷിച്ചുനോക്കുമ്പോളല്ലോ അതിൻരസം.. 
ചരടുവലിക്കുന്നവർ ബഹുമാന്യർ....
വന്ദിക്കുന്നതല്ലൊ മാലോകരവരെ.. 
പഠിക്കാനുണ്ടിനിയുമേറെ ... 
കോട്ടയെന്നാലത്‌ ഉരുക്കുകോട്ട.. 
ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട... 
തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കുകോട്ട.. 
പിന്നെന്തിനതിനൊരു - അപരപിതൃത്വമെന്നതത്ഭുതം.. 
പഠിക്കാനുണ്ടേറെ.... 
ഞാനെന്നെ- നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോർക്കണം.. 
ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതുംചരിത്രം..
അങ്ങനൊരുനേതാവുണ്ടതിൻ-
ഫലമാണിങ്ങാനൊരു വിജയമെന്നോർക്കണം നമ്മൾ. 
പഠിക്കാനുണ്ടിനിയുമേറെ.. 
പച്ചപ്പിനെ സ്നേഹിച്ചോൻ... 
വ്യവസ്ഥിതിയെ പഠിപ്പിച്ചോൻ..
സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോൻ.. 
കുടുംബവാഴ്ചയെ പുച്ഛിച്ചോൻ...
തെറ്റിനെതിരെ വിരൽചൂണ്ടിയോൻ.. 
ഒറ്റപ്പെടുത്തിയവർക്കൊരു മറുപടി 
മൃത്യുവിൽ നല്കിയോൻ... 
ഇനിയും പഠിക്കാനുണ്ടേറെ.. 
മാലോകർ പഠിച്ചത് പഠിക്കാത്തതൊരാൾ മാത്രം... 
അവരോടൊന്നും പറയേണ്ടതില്ലീ കാലത്തിൽ.. 
കലികാലമെന്നതോർക്കണം നമ്മളെങ്കിലും.. 
പഠിക്കാനുണ്ടേറെ..
ഇനിയും പഠിക്കാനുണ്ടേറെ..

എൻ എസ് നുസൂറിന്‍റെ കവിതയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകൾ താഴെ നിറയുകയാണ്. 

ഇത്ര വലിയൊരു വിജയം കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല തൃക്കാക്കരയിൽ എന്നതാണ് യാഥാർഥ്യം. ജയിച്ചാലും തോറ്റാലും ഉത്തരവാദിയെന്ന് സ്വയം പ്രഖ്യാപിച്ച് തൃക്കാക്കര പോരിനിറങ്ങിയ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലായിരുന്നു പടപ്പുറപ്പാടത്രയും. നേതാക്കൾ വന്നും പോയും ഇരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ 'ക്യാപ്റ്റൻ ഒറിജിനൽ' എന്ന ടാഗ് ലൈനുമായി സോഷ്യൽ മീഡിയയായിൽ വരെ വി ഡി സതീശൻ തരംഗമായി. ക്യാപ്റ്റനെന്നല്ലാതെ വേറെ പേരില്ലേ സ്വന്തം നേതാവിനെ വിളിക്കാനെന്ന് ഇടത് ഹാൻഡിലുകളിൽ നിന്ന് പരിഹാസം ഉയർന്നതിന് പിറ്റേന്നാണ്, ലീഡർ എന്നെഴുതിയ ഫ്ലക്സുകൾ തലസ്ഥാനത്ത് വ്യാപകമായി ഉയർന്നത്. പുതിയ ലീഡർ എന്ന വിശേഷണം സതീശന് നൽകിയതിൽ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നത് ഉറപ്പാണ്.

ഹൈബി ഈഡനടക്കം പാര്‍ട്ടിയിലെ യുവ നേതൃത്വം വിഡി സതീശനെ പിൻപറ്റി വിജയം ആഘോഷിക്കുന്നത് പക്ഷെ മുതിര്‍ന്ന നേതാക്കൾക്കത്ര പിടിച്ചിട്ടില്ല. ''ഞങ്ങളെല്ലാവരും അവിടെ ഉണ്ടായിരുന്നു. വളരെ അടുക്കും ചിട്ടയോടും കൂടി പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നു'', എന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ പിന്നാലെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പറഞ്ഞത് ശ്രദ്ധിക്കണം. 

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെട്ട കേരളത്തിലെ കോൺഗ്രസ് പാർട്ടി ഇപ്പോൾ വി ഡി സതീശന്‍റെ കൈപ്പിടിയിലേക്ക് ഒതുങ്ങിപ്പോകുന്നതിൽ നേതൃനിരയിൽ നേരത്തെ തന്നെ അതൃപ്തി പുകയുന്നുണ്ട്. എന്നാൽ അതിനെ എല്ലാം അപ്രസക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലം വി ഡി സതീശന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.