സുധാകരന്‍റെ വിശ്വസ്തനായെത്തി, വെട്ടിക്കയറി; അബദ്ധ പ്രസ്താവനയിൽ ഒടുവിൽ പടിയിറക്കം

By Web TeamFirst Published Jul 6, 2022, 5:54 PM IST
Highlights

ജി സുധാകരന്‍റെ വിശ്വസ്തനായെത്തിയ സജി ചെറിയാൻ പിന്നീട് സുധാകരനെതിരായ നീക്കങ്ങളിലൂടെയാണ് ആലപ്പുഴ സിപിഎമ്മിൽ ഒന്നാമനാകുന്നത്. പ്രവർത്തനങ്ങളിൽ പ്രശംസിക്കപ്പെടുമ്പോഴും പ്രസ്താവനകളിൽ പലപ്പോഴും സജി ചെറിയാൻ വിമർശിക്കപ്പെട്ടു. എന്നാൽ പഴി കേൾപ്പിച്ചത് എപ്പോഴും നാക്കുപിഴകളായിരുന്നു. 

ചിരിക്കും, തോളിൽ കൈയ്യിടും,മുണ്ട് മടക്കി ഉടുത്ത് ഇറങ്ങി നിൽക്കും വേണ്ടി വന്നാൽ നിലവിളിക്കും. പതിവ് സിപിഎം മസില് പിടുത്തമോ,വാക്കുകളിൽ താത്വിക ഭാരമോ ഇല്ലാത്ത നേതാവാണ് സജി ചെറിയാൻ. സിപിഎമ്മിൽ ശക്തനായി മാറുമ്പോഴാണ് അബദ്ധ പ്രസ്താവനയിൽ മന്ത്രിസഭയിൽ നിന്നുള്ള സജി ചെറിയാന്‍റെ പടിയിറക്കം. 

ജി സുധാകരന്‍റെ വിശ്വസ്തനായെത്തിയ സജി ചെറിയാൻ പിന്നീട് സുധാകരനെതിരായ നീക്കങ്ങളിലൂടെയാണ് ആലപ്പുഴ സിപിഎമ്മിൽ ഒന്നാമനാകുന്നത്. പ്രവർത്തനങ്ങളിൽ പ്രശംസിക്കപ്പെടുമ്പോഴും പ്രസ്താവനകളിൽ പലപ്പോഴും സജി ചെറിയാൻ വിമർശിക്കപ്പെട്ടു. എന്നാൽ പഴി കേൾപ്പിച്ചത് എപ്പോഴും നാക്കുപിഴകളായിരുന്നു. 

ഏറെ സങ്കിർണമായ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ തുടക്കം പാളിയ നേതാവായിരുന്നു സജിചെറിയാൻ. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായി പേരെടുത്തിട്ടും പിന്നീടുള്ള വളർച്ച വിഭാഗീയതയിൽ തട്ടി പലപ്പോഴും അടഞ്ഞു. കെ.കെ ചെല്ലപ്പന്‍റെ അനുയായി സികെ ചന്ദ്രാനന്ദന് പലപ്പോഴും അനഭിമതനായിരുന്നു. വിഎസിന്‍റെ പ്രതാപകാലത്തും ആലപ്പുഴ ജില്ലയിൽ പിണറായിയുടെ പ്രധാന അടുപ്പക്കാരനായതും സജി ചെറിയാന് കരടായി. 2006 ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും മണ്ഡലത്തിലെ വിഭാഗീയത സജിയെ വീഴ്ത്തി. ജി സുധാകരന്‍റെ ഉറ്റ വിശ്വസ്തനായാണ് ആലപ്പുഴ രാഷ്ട്രീയത്തിൽ പിന്നീട് ചുവടുറപ്പിക്കുന്നത് .സി.ബി ചന്ദ്രബാബു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സജി ചെറിയാൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ജി സുധാകരൻ രണ്ടാമതും മന്ത്രിയായി തിരുവനന്തപുരത്ത് പോയപ്പോൾ ആലപ്പുഴയിൽ സജി പിടിമുറുക്കി. 2018ൽ ആർ രാമചന്ദ്രൻ നായരുടെ വിയോഗത്തിൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നു .സെക്രട്ടറി പദമൊഴിഞ്ഞ് കളത്തിലിറങ്ങിയ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്കെത്തി.

വിദ്യര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് മന്ത്രി പദവിയിലേക്ക്; 'വാവിട്ട വാക്ക്' വിനയായി, സജി ചെറിയാന്‍ പുറത്ത്

ആലപ്പുഴയിലെ രണ്ടാമനിൽ നിന്നും ഒന്നാമനിലേക്ക് വളർച്ച തുടങ്ങുന്നത് എംഎൽഎ ആയതിന് ശേഷമാണ്. പല കോണുകളിൽ നിന്നും ജി. സുധാകരനെതിരെ ചെറുതും വലുതുമായ പരാതികളുയർന്നതോടെ  ഈ നീക്കങ്ങളിൽ സജി ചെറിയാന് മേലും ആക്ഷേപം ഉയർന്നു. മന്ത്രി ആയതിന് തൊട്ട് പിന്നാലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും എത്തി. 

വിവാദ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സജി ചെറിയാന് ഈ വർഷം തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയതാണ്.  കെ റെയിൽ വിവാദ കാലത്ത് ബഫർ സോണിലും നാക്ക് പിഴയായി. സോളാർ കേസിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന നീക്കങ്ങളിൽ, മധ്യതിരുവിതാംകൂറിൽ ക്രൈസ്ത സഭയെ ഒപ്പം നിർത്തുന്നതിൽ, സിപിഎമ്മിന്‍റെ ധനസമാഹരണങ്ങളിൽ അങ്ങനെ  പാർട്ടി ഓപ്പറേഷനുകളിലെ മികവാണ് സജി ചെറിയാന്‍റെ പെട്ടെന്നുള്ള വളർച്ചയിൽ തുണയായത്. എന്നാൽ വൈകാരികമായ പ്രതികരണങ്ങളും എന്ത് അബദ്ധവും ആത്മവിശ്വാസത്തോടെ പറയുന്ന ശൈലിയും ഒടുവിൽ വിനയായി. 

click me!