Minister Saji Cheriyan Resigned: മന്ത്രി സജി ചെറിയാൻ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Published : Jul 06, 2022, 05:53 PM ISTUpdated : Jul 06, 2022, 06:20 PM IST
Minister Saji Cheriyan Resigned: മന്ത്രി സജി ചെറിയാൻ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Synopsis

രണ്ടാം പിണറായി സ‍ര്‍ക്കാരിൽ നിന്നും രാജിവയ്ക്കുന്ന ആദ്യത്തെ മന്ത്രി 

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.  

എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയിൽ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. കോടതിയിലേക്ക് കാര്യങ്ങളെത്തും വരെ കാത്തിരിക്കാം എന്ന നിലയിൽ അഭിപ്രായങ്ങൾ ആദ്യം ഉയര്‍ന്നു . രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവിൽ വാര്‍ത്തകൾ വന്നത്. എന്നാൽ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതൽ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.

വിഷയം ചർച്ച ചെയ്യാൻ എകെജി സെന്ററിൽ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് ആദ്യം മന്ത്രി എത്തിയിരുന്നില്ല. പിന്നീട് യോഗത്തിലേക്ക് വിളിപ്പിച്ചതോടെ, വി.എൻ.വാസവന് ഒപ്പം സജി ചെറിയാൻ എത്തി. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം. സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു.വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി. അതേസമയം മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നത്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും അനാവശ്യ വിവാദത്തിലൂടെ സംസ്ഥാന സർക്കാരിനെയടക്കം പ്രതിസന്ധിയിലാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

യോഗത്തിന് ശേഷം പുറത്തിറങ്ങി വന്ന മന്ത്രി, രാജി വയ്ക്കുമോ എന്ന ചോദ്യത്തോട് എന്തിന് രാജി വയ്ക്കണമെന്ന മറു ചോദ്യമാണ് ഉന്നയിച്ചത്. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞില്ലേ എന്നും മന്ത്രി ചോദിച്ചു. സജി ചെറിയാന് പിന്നാലെ പുറത്തെത്തിയ വി.എൻ.വാസവനും കെ.രാധാകൃഷ്ണനും ഉൾപ്പെടെയുള്ള മന്ത്രിമാർ പക്ഷേ, പ്രതികരിച്ചില്ല. എല്ലാം നേതൃത്വം പറയും എന്നതായിരുന്നു പ്രതികരണം. 

എകെജി സെന്ററിൽ ചേർന്ന സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ സജിചെറിയാൻ പങ്കെടുത്തെങ്കിലും ഈ വിഷയം ക്യാബിനറ്റിൽ ചര്‍ച്ചയായില്ല. 

അപ്രതീക്ഷിത രാജിപ്രഖ്യാപനത്തോടെ രണ്ടാം പിണറായി സർക്കാരിൽ നിന്ന് പുറത്തുപോകുന്ന ആദ്യ മന്ത്രിയായി സജി ചെറിയാൻ മാറുകയാണ്. രണ്ടാം പിണറായി സർക്കാരിൽ സാംസ്കാരികം, ഫിഷറീസ് വകുപ്പുകളാണ് സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്. ഇന്നലെ വ്യാപകമായി പ്രചരിച്ച ഫേസ്ബുക്ക് വീഡിയോയാണ് മണിക്കൂറുകൾക്കുള്ളിൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മന്ത്രിയെ എത്തിച്ചത്. 

 


പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിലാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു പ്രസ്താവന. 

'ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വ‍ർഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലുപം ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ മനോഹര ഭരണഘടനയെന്ന് ഞാൻ പറയും'...

പ്രസംഗം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും നിയമ വിദഗ്‍ധരും രംഗത്തെത്തി. പ്രസംഗം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും നിയമ വിദഗ്‍ധരും രംഗത്തെത്തി. ഇതിനുപിന്നാലെ പ്രസംഗത്തെ ന്യായീകരിച്ച് സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി ഇന്നലെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ പറഞ്ഞത്.
 

PREV
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം