
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേതെന്നും സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവായിരുന്നു എന്നും വി.ഡി സതീശൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിർത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതിൽ കോൺഗ്രസിന്റെ നേതൃപരമായ പങ്കിനെ കുറിച്ച് യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരിക്കുമ്പോഴും നിലപാടിലെ കാർക്കശ്യം അദ്ദേഹം തുടർച്ചയായി ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. ഹർകിഷൻ സിംഗ് സുർജിത്തിന് ശേഷം രാജ്യം വലിയ തോതിൽ ശ്രദ്ധിച്ച സിപിഎം ജനറൽ സെക്രട്ടറി കൂടിയായിരുന്നു സീതാറാം യെച്ചൂരിയെന്നും സതീശൻ അനുസ്മരിച്ചു.
കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്. തിനിക്ക് വ്യക്തിപരമായി അടുത്ത് പരിചയമുള്ള നേതാവ് കൂടിയാണ് യെച്ചൂരി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് വി.ഡി സതീശൻ നൽകിയ അനുസ്മരണ സന്ദേശത്തിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam