
ചെന്നൈ: വിവിധ മതേതര കക്ഷികളുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ പാർലമെന്‍ററി ബോർഡ് രൂപീകരിക്കാൻ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ തീരുമാനം. 1948 മാർച്ച് പത്തിന് പാർട്ടി രൂപീകരണ യോഗം നടന്ന രാജാജി ഹാളിൽ അഖിലേന്ത്യാ നേതൃത്വം ഒത്തുകൂടി. ഇന്ത്യൻ ഭരണഘടനയിൽ ഉറച്ചുനിന്ന് പാർട്ടി നയപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് സമ്മേളന പ്രതിനിധികൾ പ്രതിജ്ഞ ചെയ്തു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യപ്രഭാഷണം നടത്തും.
നവംബറിൽ മതനിരപേക്ഷ കക്ഷികളുടെ നേതാക്കളെ അണിനിരത്തി ദില്ലിയിൽ മഹാസമ്മേളനം നടത്താനും പ്ലാറ്റിനം ജൂബിലി സമ്മേളനം തീരുമാനിച്ചു. ലീഗിന് ശക്തിയുള്ള എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഇത്തരത്തിൽ സമ്മേളനങ്ങൾ നടത്തും. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിച്ചുവെന്ന് പി.എം.എ. സലാം വിമർശിച്ചു. പിറകോട്ട് പോയത് എങ്ങനെയെന്ന് പാർട്ടി ചർച്ച ചെയ്യണം. മറ്റു സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് പറയാനുള്ളത് ദേശീയ നേതൃത്വം കേൾക്കണമെന്നും പി.എം.എ. സലാം പറഞ്ഞു. ഇന്ന് വൈകുന്നേരം പഴയ മഹാബലി പുരം റോഡിലെ വെഎംസിഎ മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
ഏഴര പതിറ്റാണ്ടുമുമ്പ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രൂപീകരണയോഗം നടന്ന ഹാളിൽ തന്നെ ഇന്ന് രാവിലെ അഖിലേന്ത്യാ നേതൃത്വം വീണ്ടും ഒത്തുകൂടി. ബലക്ഷയം കാരണം പൊതുപരിപാടികൾക്ക് വിട്ടുനൽകാത്ത ഹാൾ യോഗത്തിന്‍റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ ലീഗ് നേതൃത്വത്തിന് അനുവദിക്കുകയായിരുന്നു.അഭിമാനകരമായ അസ്തിത്വം എന്ന സ്ഥാപക നേതാക്കളുടെ ലക്ഷ്യം പൂർത്തീകരിച്ചുവെന്ന് അഖിലേന്ത്യാ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ പ്രഖ്യാപിച്ചു. ശേഷം പ്രതിനിധികൾ ഒൻപത് ഭാഷകളിൽ പ്രതിജ്ഞയെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam