പിഎം ശ്രീ അംഗീകരിച്ചതിനെതിരെ തെരുവിൽ പ്രതിഷേധം കത്തിക്കാൻ ഇടത് വിദ്യാർഥി-യുവജന സംഘടനകളും, തലസ്ഥാനത്ത് ഇന്ന് പ്രതിഷേധം, തിങ്കളാഴ്ച എല്ലാ ജില്ലകളിലും

Published : Oct 25, 2025, 01:32 AM IST
pinarayi new

Synopsis

പി എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും എ ഐ വൈ എഫ് - എ ഐ എസ് എഫ് ഭാരവാഹികൾ വ്യക്തമാക്കി. അതിനിടെ കണ്ണൂരിൽ എ ഐ വൈ എഫ്, മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചു.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ, കേരളവും അംഗീകരിച്ചതിൽ ഇടത് മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്ക് പിന്നാലെ ഇടത് വിദ്യാർഥി-യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം കനപ്പിക്കുന്നു. പിണറായി സർക്കാരിന്‍റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എ ഐ വൈ എഫും എ ഐ എസ് എഫും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന - വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പി എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും എ ഐ വൈ എഫ് - എ ഐ എസ് എഫ് ഭാരവാഹികൾ വ്യക്തമാക്കി. അതിനിടെ കണ്ണൂരിൽ എ ഐ വൈ എഫ്, മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചു. ബി ജെ പിയുടെ വർഗിയ അജണ്ടക്ക് സി പി എം കൂട്ടുനിൽക്കുന്നുവെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ മന്ത്രിമാരെ സി പി ഐ പിൻവലിക്കണമെന്ന് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ആവശ്യപ്പെട്ടു.

ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചു

മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പി എം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് നേരത്തെ എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി, വി ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും തുറന്നടിച്ചു. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻ അമരക്കാരൻ വി ശിവൻകുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നായിരുന്നു എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രി ശിവൻകുട്ടി എ ബി വി പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും എ അധിൻ എഫ് ബിയിൽ പങ്കുവെച്ചിരുന്നു.

ആശങ്കയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കയുണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സർക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്. അതിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. വിദ്യാർത്ഥി സമൂഹത്തിന് അപകടമാണ്. ഇക്കാര്യത്തില്‍ എസ് എഫ് ഐയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം പദ്ധതി നടപ്പാക്കാൻ. ഇക്കാര്യം സർക്കാർ എസ് എഫ് ഐയോട് ചർച്ച ചെയ്തിരുന്നു. അന്നേ നിലപാട് അറിയിച്ചിരുന്നുവെന്നും ആശങ്ക വീണ്ടും അറിയിക്കുമെന്ന് പി എസ് സഞ്ജീവ് വ്യക്തമാക്കി. സംഘപരിവാറിനെതിരായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം