അരാഷ്ട്രീയ കഴുതകൾ സങ്കടം കരഞ്ഞു തീർക്കട്ടെ, എഴുത്തുകാർ സാധാരണ പൗരന്മാരാണ്, അവര്‍ രാഷ്ട്രീയം പറയുമെന്നും ബെന്യാമിൻ

Published : Jun 10, 2025, 12:02 PM IST
benyamin

Synopsis

എഴുത്തുകാർക്ക് രാഷ്ട്രീയ നിലപാട് എടുക്കാമെന്നും അത് അവരുടെ അവകാശമാണെന്നും എഴുത്തുകാരൻ ബെന്യമിൻ പറയുന്നു. 

മലപ്പുറം: എഴുത്തുകാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് എഴുത്തുകാരൻ ബെന്യമിൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയറിയിച്ച എഴുത്തുകാര്‍ക്കെതിരായ പരാര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ബെന്യമിന്റെ കുറിപ്പ്. അരാഷ്ട്രീയ കഴുതകൾ സങ്കടം കരഞ്ഞു തീർക്കട്ടെ എഴുത്തുകാർ ദന്തഗോപുരവാസികളായിരിക്കണം എന്ന ഉറച്ച ജന്മിത്തബോധത്തിൽ നിന്നാണ് അവർ രാഷ്‌ട്രീയം പറയാൻ പാടില്ല, വോട്ട് ചോദിക്കാനോ, ഇലക്ഷൻ നടക്കുന്ന മണ്ഡലത്തിൽ പ്രവേശിക്കാനോ പാടില്ല എന്ന ചില തിട്ടൂരങ്ങൾ പുറത്തു വരുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

എഴുത്തുകാർ സാധാരണ പൗരന്മാരാണ്. അവർക്ക് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അനുവദിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളുമുണ്ട്. അവർ രാഷ്ട്രീയം പറയും. വോട്ട് ചെയ്യും. വോട്ട് ചോദിക്കും. അതിന്റെ പേരിൽ പോയ്‌പ്പോകുമെന്ന് കരുതുന്ന വായനക്കാർ പോയ്ക്കോട്ടെ എന്ന് വയ്ക്കും. അതിനു കെൽപ്പില്ലാത്ത അരാഷ്ട്രീയ കഴുതകൾ തങ്ങളുടെ സങ്കടം കരഞ്ഞു കരഞ്ഞു കരഞ്ഞു തീർക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീരയടക്കമുള്ള എഴുത്തുകാര്‍ എത്തിയിരുന്നു. എഴുത്തുകാരുടെ പരാമര്‍ശത്തിൽ പരോക്ഷ പരാമര്‍ശവുമായി പിഎഫ് മാത്യൂസ് അടക്കമുള്ള എഴുത്തുകാരും എത്തിയിരുന്നു. നിലമ്പൂരിൽ വോട്ടില്ലാത്തതിൽ കണ്ണീര്‍ ഒഴുക്കുകയും വാവിട്ട് കരയുകയും ചെയ്യുന്ന എഴുത്തുകാരെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു പോകുന്നു എന്നും അധികാരത്തോടുള്ള ദാസ്യം എന്നല്ലാതെ ഒന്നും പറയാനില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ബെന്യാമിന്റെ കുറിപ്പ്

അരാഷ്ട്രീയ കഴുതകൾ സങ്കടം കരഞ്ഞു തീർക്കട്ടെ എഴുത്തുകാർ ദന്തഗോപുരവാസികളായിരിക്കണം എന്ന ഉറച്ച ജന്മിത്തബോധത്തിൽ നിന്നാണ് അവർ രാഷ്‌ട്രീയം പറയാൻ പാടില്ല, വോട്ട് ചോദിക്കാനോ, ഇലക്ഷൻ നടക്കുന്ന മണ്ഡലത്തിൽ പ്രവേശിക്കാനോ പാടില്ല എന്ന ചില തിട്ടൂരങ്ങൾ പുറത്തു വരുന്നത്.

സാധാരണ ജനങ്ങൾ ചെയ്യുന്നതെല്ലാം തങ്ങൾക്ക് അന്യമാണെന്ന ഗർവ്വ് ഇക്കൂട്ടരെ ഭരിക്കുന്നു. തങ്ങൾ അവർക്കെല്ലാം മേലേ എന്തോ സ്ഥാനം വഹിക്കുന്നു എന്നു സ്വയം അഹങ്കരിക്കുന്നു. ചങ്ങലയിട്ട കണ്ണടയിലൂടെ ഒളിഞ്ഞു നോക്കി സർവ്വരെയും പുച്ഛിക്കുന്നു. നിഷ്‌പക്ഷർ എന്ന് മേനിനടിക്കുന്ന ഈ പുങ്കവന്മാർ എന്നെങ്കിലും ഏതെങ്കിലും ഒരു വിഷയത്തിൽ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ സ്വന്തം കാര്യസാധ്യത്തിനു വേണ്ടി അപ്പുറവും ഇപ്പുറവും എപ്പുറവും നിൽക്കാൻ ഇവന്മാരെക്കാൾ കേമന്മാർ വേറെയുണ്ടാവില്ല.

അവരെപ്പോലെ തന്നെ മറ്റു മനുഷ്യരും ചെയ്യുന്ന പ്രവർത്തികൾ എല്ലാം കാര്യസാധ്യത്തിനു വേണ്ടി മാത്രമാണെന്ന് അവർ വിചാരിക്കുന്നു. അവരുടെ സർഗ്ഗാത്മ ശൂന്യത നിറഞ്ഞ പൊട്ടരചനകൾക്ക് അംഗീകാരങ്ങളും സ്വീകാര്യതയും കിട്ടാത്തത് ഏതോ അജ്ഞാതശക്തികൾ തടയിടുന്നതുകൊണ്ടാണെന്ന് അവർ സ്വയം കരുതുന്നു. മികവുള്ളവർക്ക് സ്വീകാര്യത കിട്ടുന്നത് ‘ദാസ്യം’ കൊണ്ടാണെന്ന് അവർ സ്വയം സമാശ്വസിക്കുന്നു. തരം കിട്ടുമ്പോൾ ഉള്ളിലെ വിഷം പുറത്തിറങ്ങി തുപ്പുന്നു.

എഴുത്തുകാർ സാധാരണ പൗരന്മാരാണ്. അവർക്ക് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അനുവദിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളുമുണ്ട്. അവർ രാഷ്ട്രീയം പറയും. വോട്ട് ചെയ്യും. വോട്ട് ചോദിക്കും. അതിന്റെ പേരിൽ പോയ്‌പ്പോകുമെന്ന് കരുതുന്ന വായനക്കാർ പോയ്ക്കോട്ടെ എന്ന് വയ്ക്കും. അതിനു കെല്പില്ലാത്ത അരാഷ്ട്രീയ കഴുതകൾ തങ്ങളുടെ സങ്കടം കരഞ്ഞു കരഞ്ഞു കരഞ്ഞു തീർക്കട്ടെ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ