Asianet News MalayalamAsianet News Malayalam

'സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയാണ് തന്‍റെ ലക്ഷ്യം', എം എം മണിക്ക് ആനി രാജയുടെ മറുപടി

ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതെന്നും ആനി രാജ പറഞ്ഞു.

Annie Raja reply to m m mani
Author
Delhi, First Published Jul 16, 2022, 11:30 AM IST

ദില്ലി: എം എം മണിയുടെ പരിഹാസത്തിന് മറുപടി നൽകി ദേശീയ മഹിളാ ഫെഡറേഷൻ ജന. സെക്രട്ടറി  ആനി രാജ. കേരളത്തില്‍ നിന്ന് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ട് ദില്ലിയിലേക്ക് വന്നയാളാണ് താന്‍. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ് സുശീല ഗോപാലനെ പോലുള്ള നേതാക്കൾ നേതൃത്വം നൽകിയ ദേശീയ മഹിളാ ഫെഡറേഷന്‍റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം വഹിക്കുന്ന ആളാണ് താൻ. തന്‍റെ ചുമതല സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുക എന്നതാണ്. അത് ദില്ലിയിലായാലും വിദേശത്ത് നിന്നായാലും ചെയ്യുമെന്നും ആനി രാജ വ്യക്തമാക്കി. കേരളം തന്‍റെ നാടാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതെന്നും ആനി രാജ പറഞ്ഞു.

കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിൽ യോജിക്കാത്ത പരാമർശങ്ങളാണ് എം എം മണി നടത്തിയതെന്ന് ഇന്നലെ ആനി രാജ പറഞ്ഞിരുന്നു. വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ  ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയണമെന്നും ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിന് പിന്നാലെ ദില്ലിയിലുള്ള ആനി രാജയ്ക്ക് കേരള നിയമസഭയിലെ പ്രശ്നങ്ങളെ കുറിച്ച് ധാരണയില്ലല്ലോയെന്ന് മണി തിരിച്ചടിച്ചിരുന്നു.

ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ നിയമസഭയിലെ വിവാദ പരാമര്‍ശം. എം എം മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോഴും തന്‍റെ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നെന്ന നിലപാടാണ് എം എം മണി സ്വീകരിച്ചത്. പരാമര്‍ശത്തിൽ ഖേദമില്ലെന്ന് എംഎം മണി മാധ്യമങ്ങൾക്ക് മുന്നിൽ ആവ‍ര്‍ത്തിച്ചു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എംഎം മണി,  എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നായിരുന്നു വാ‍ര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്. 

Follow Us:
Download App:
  • android
  • ios