19 വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾ, പത്രിക നൽകിയത് 1.50 ലക്ഷം പേർ

Published : Nov 19, 2020, 07:20 PM ISTUpdated : Nov 19, 2020, 08:12 PM IST
19 വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾ, പത്രിക നൽകിയത് 1.50 ലക്ഷം പേർ

Synopsis

വോട്ടെടുപ്പിന് മുമ്പെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 ഇടങ്ങളിൽ ഇടത് മുന്നണി ശക്തിതെളിയിച്ചു. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. 

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല.

കൊവിഡിനും രാഷ്ട്രീയ വിവാദങ്ങൾക്കുമിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോരാട്ട ചിത്രം തെളിയുന്നു. ഒന്നര ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോർപറേഷനുകളിലുമായി ജനവിധി തേടും. ഗ്രാമപഞ്ചായത്തുകളിലേക്ക് ഒരു ലക്ഷത്തി പതിമൂവായിരം പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പതിനൊന്നായിരത്തിലേറെ പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് ആയിരത്തി എണ്ണൂറിലേറെ പത്രികകളും കിട്ടി. 19,526 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,758 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. വോട്ടെടുപ്പിന് മുമ്പെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 ഇടങ്ങളിൽ ഇടത് മുന്നണി ശക്തിതെളിയിച്ചു. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. 

മൊറാഴ, കാങ്കോൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിലാണ് സിപിഎം മാത്രം നാമനിർദ്ദേശ പത്രിക നൽകിയത്. ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽഡിഎഫ് ജയിച്ചിരുന്നു. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ അ‍ഞ്ചിടത്തും എൽഡിഎഫിന് എതിർ സ്ഥാനാർത്ഥികൾ പത്രിക നൽകിയില്ല. അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാർഡുകളിലാണിത്. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ രണ്ട് വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടത് സ്ഥാനാർത്ഥികൾ മാത്രം. കോട്ടയം മലബാർ പ‌ഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സിപിഎം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്.

കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ മൂന്ന് സീറ്റിലും ഇടതിന് എതിരില്ല. ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പത്രികാ സമർപ്പണം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 നാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി മുഖ്യാതിഥി