
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയായിരുന്നു. വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി കെകെ പൊന്നപ്പൻ്റെ പത്രികയാണ് തള്ളിയത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിൻ്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർത്ഥികളില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികളില്ല. വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ ഒരിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് റിപ്പോർട്ട്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ട്രാൻസ് വുമൺ അരുണിമ എം കുറുപ്പ് നാമനിർദേശ പത്രിക നൽകി. നിയമപരമായ തടസങ്ങൾ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ പ്രതികരിച്ചു. അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു. രേഖകളിലെല്ലാം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അരുണിമ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ആലപ്പുഴ കളക്ടറേറ്റിലെത്തിയാണ് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് ട്രാൻസ്‌വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്.