തിരുവനന്തപുരം: പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ ശരാശരി ആയിരം വോട്ടർമാരായി നിജപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും 1500 ആയും നിജപ്പെടുത്തി. ഇതിൽ കുടുതൽ വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.
നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം 1200 വരെയാണ്. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും 1800 മുതൽ 2000 വരെ വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്. കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ബൂത്തുകളിലെ ആകെ വോട്ടർമാരുടെ എണ്ണം 1000വും 1500ഉം ആയി നിജപ്പെടുത്താൻ തീരുമാനിച്ചത്. അധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കും.
കമ്മീഷൻ വിളിച്ച സർവകക്ഷിയോഗത്തിൽ രാഷ്ട്രീയപാർട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ബൂത്തുകൾ 500 പേരായി ചുരുക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം.
എന്നാൽ രണ്ട് വോട്ടിംഗ് യന്ത്രങ്ങൾ എന്നത് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ത്രിതലപഞ്ചായത്തിൽ ഇപ്പോൾ തന്നെ മൂന്ന് വോട്ടിംഗ് യന്ത്രങ്ങൾ ഉണ്ട്. കൂടുതൽ യന്ത്രങ്ങൾ അധികച്ചെലവാണ്. മാത്രമല്ല 1000 പേരായി ചുരുങ്ങുമ്പോൾ വോട്ടർമാർക്ക് കുടുതൽ സമയമെടുക്കില്ലെന്നും കമ്മീഷൻ വിലയിരുത്തുന്നു. മാത്രമല്ല വോട്ടെടുപ്പ് സമയം ഒരു മണിക്കുർ കൂടി കൂട്ടിയിട്ടുണ്ട്. അധികമായി എത്ര ബൂത്തുകൾ വരുമെന്ന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിശ്ചയിക്കുക. ഈ ആഴ്ച അവസാനം പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam