ലോക്ക്ഡൗൺ ഇളവ്: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഒൻപത് വിവാഹങ്ങൾ നടക്കും

By Web TeamFirst Published Jun 5, 2020, 6:31 AM IST
Highlights

ഒരു വിവാഹ ചടങ്ങിൽ വധൂവരന്മാർ അടക്കം പരമാവധി 10 പേർക്ക് പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങൾ വരെ ഒരു ദിവസം നടത്താനും അനുമതിയുണ്ട്

തൃശ്ശൂർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിവാഹ ചടങ്ങുകൾ വീണ്ടും തുടങ്ങും. ഇന്ന് ഒൻപത് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മുതൽ വിവാഹങ്ങൾ നടത്താനായിരുന്നു ദേവസ്വം തീരുമാനിച്ചിരുന്നത്. എന്നാൽ ആദ്യ ദിവസം ആരും വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നില്ല.

ഒരു വിവാഹ ചടങ്ങിൽ വധൂവരന്മാർ അടക്കം പരമാവധി 10 പേർക്ക് പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങൾ വരെ ഒരു ദിവസം നടത്താനും അനുമതിയുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മേൽപത്തൂർ ഓഡിറ്റോറിയം വരെയാണ് അനുവദിച്ചിട്ടുള്ളത്.

അതേസമയം ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. കണ്ടെയ്ന്‍‌മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്. 65 വയസ് കഴിഞ്ഞവരും പത്ത് വയസിൽ താഴെയുള്ള കുട്ടികളും ആരാധനാലയങ്ങളിൽ പോകരുത്. ആരാധനാലയങ്ങളിൽ പ്രവേശിക്കുമ്പോൾ മുഖാവരണം നിർബന്ധമായും ധരിക്കണം. ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ തീർത്ഥമോ നല്കരുത്. കൊയറും പ്രാർത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകൾ അനുവദിക്കരുത്. പ്രാർത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂർത്തികളിലും തൊടാൻ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. 

click me!