Latest Videos

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്; വ്യവസായ സ്ഥാപനങ്ങൾ പകുതി ജീവനക്കാരുമായി തുറക്കാം

By Web TeamFirst Published May 30, 2021, 6:56 AM IST
Highlights

തുണി, സ്വർണ്ണം, പാദരക്ഷ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കും. ആക്രിക്കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ഡൗൺ ചട്ടങ്ങൾ. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കുകയും സംസ്ഥാന ലോക്ഡൗൺ  ചില ഇളവുകളോടെ ജൂൺ ഒമ്പതുവരെ നീട്ടുകയും ചെയ്തതോടെയാണ് എല്ലാ ജില്ലകളിലും ഒരേ 
നിയമങ്ങൾ നിലവിൽ വന്നത്.

വ്യവസായ സ്ഥാപനങ്ങൾക്ക് പകുതി ജീവനക്കാരുമായി തുറക്കാം. വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ പ്രവർത്തിക്കും. പാഠപുസ്തകങ്ങൾ വിൽക്കുന്ന കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ തുറക്കും. തുണി, സ്വർണ്ണം, പാദരക്ഷ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കും. ആക്രിക്കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും.

തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടർ വ്യാപാരികളുമായി ചർച്ച നടത്തും.രാവിലെ 11ന് കളക്ട്രേറ്റിലാണ് 
യോഗം. മന്ത്രിമാരായ ആർ ബിന്ദു, കെ. രാജൻ, കെ രാധാകൃഷ്ണൻ എന്നിവരും പങ്കെടുക്കും. ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ ഇന്നലെ നിരാഹാരസമരം നടത്തിയിരുന്നു.അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കുന്ന മാര്‍ക്കറ്റ് 
തുറക്കാത്തത് കളക്ടറുടെ പിടിവാശി മൂലമെന്നാണ് ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!