കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് സമരം; കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്

By Web TeamFirst Published May 19, 2020, 4:03 PM IST
Highlights

കുട്ടനാട്ടിൽ പ്രളയ രക്ഷാ നടപടികൾ സമയബന്ധിതമായി സർക്കാർ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് എംപിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. 

ആലപ്പുഴ: കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് സമരം നടത്തിയതിന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബോട്ടിൽ യാത്ര ചെയ്ത് കൊണ്ട് നടത്തിയ സമരം സാമൂഹിക അകലം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രാമങ്കരി പൊലീസാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ കേസെടുത്തത്.

കുട്ടനാട്ടിൽ പ്രളയ രക്ഷാ നടപടികൾ സമയബന്ധിതമായി സർക്കാർ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് എംപിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. ബോട്ടിൽ യാത്ര നടത്തിയായിരുന്നു സമരം. സാമൂഹ്യ അകലം പാലിക്കാതെ പരമാവധി പ്രവർത്തകരെ കൂട്ടി സമരം നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത രാമങ്കരി പൊലീസ് കൊടിക്കുന്നിലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

അതേസമയം, തൊടുപുഴയിൽ ക്വാറന്‍റീൻ ലംഘിച്ചതിന് ആറ് പേർക്ക് എതിരെ കേസെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർക്ക് എതിരെയും വിദേശത്ത് നിന്ന് വന്ന രണ്ട് പേർക്ക് എതിരെയുമാണ് കേസെടുത്തത്. വിദേശത്ത് നിന്ന് വന്നവർ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാതെ നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ബാർബറുടെ വീട്ടിൽ പോയി മുടി വെട്ടി. ഇയാളെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.

click me!