
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. തീരുമാനം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹർജിയിൽ കുറ്റപ്പെടുത്തുന്നു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയെയും കേസിൽ എതിർ കക്ഷിയാക്കിയിട്ടുണ്ട്.
ഇന്നലെ കൊവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് രാഷ്ട്രീയ പാർട്ടികളുടെയടക്കം പൊതുയോഗം വിലക്കിയത്. സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു കളക്ടറുടെ നടപടി. എന്നാൽ അധികം വൈകാതെ തന്നെ കളക്ടർ തീരുമാനം പിൻവലിച്ചു. ഇതോടെ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. സിപിഎമ്മിന്റെ സമ്മർദ്ദമാണ് കളക്ടർ തീരുമാനം പിൻവലിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നു. എന്നാൽ സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നാണ് കളക്ടറുടെ വിശദീകരണം. നേരത്തെയുണ്ടായിരുന്ന മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നും എന്നാൽ ഇന്നലെ വന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ലോക്ക്ഡൗൺ പിൻവലിക്കുകയായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam