
തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തിന്‍റെ കണ്ണ് തൃശൂരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അവസാന നിമിഷമുണ്ടാക്കിയ ട്വിസ്റ്റ് തൃശൂരിന്‍റെ പോരാട്ടച്ചൂട് കൂട്ടി. കഴിഞ്ഞ 2019ലെ പൊതു തെരഞ്ഞെടുപ്പിലും തൃശൂര്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായിരുന്നു.
2019ല്‍ കോണ്‍ഗ്രസ് ടി എന്‍ പ്രതാപനെയും സിപിഐ രാജാജി മാത്യൂ തോമസിനെയും ബിജെപി സുരേഷ് ഗോപിയേയുമാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളാക്കിയത്. തൃശൂര്‍ എടുക്കുമെന്നുള്ള സുരേഷ് ഗോപിയുടെ അവകാശവാദം തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ ഫലം വന്നപ്പോള്‍ ടി എന്‍ പ്രതാപന്‍ 93,633 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 1,042,122 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ച തൃശൂര്‍ മണ്ഡലത്തില്‍ ടി എന്‍ പ്രതാപന് 415,089 വോട്ടുകള്‍ കിട്ടി. രാജാജി മാത്യൂ തോമസ് 321,456 ഉം, സുരേഷ് ഗോപി 293,822 ഉം വോട്ടുകളും നേടി. 77.94 ആയിരുന്നു 2019ല്‍ തൃശൂരിലെ പോളിംഗ് ശതമാനം.
2014ല്‍ സിപിഐയുടെ സി എന്‍ ജയദേവന്‍ വിജയിച്ച തൃശൂര്‍ സീറ്റാണ് ടി എന്‍ പ്രതാപനിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. 2009ല്‍ കോണ്‍ഗ്രസിന്‍റെ പി സി ചാക്കോയായിരുന്നു തൃശൂരിലെ വിജയി.
Read more: ആവേശക്കരയായി മാവേലിക്കര; നാലാം ഊഴത്തിന് കൊടിക്കുന്നില്‍, അരുണ്‍കുമാര്‍ ശക്തം, 2019ലെ കണക്കുകള്‍
2024ലേക്ക് വന്നാല്‍, സിറ്റിംഗ് എംപിയായ ടി എന്‍ പ്രതാപനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ ഏറെ നേരത്തെ ചുവരെഴുത്തും പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷ ട്വിസ്റ്റില്‍ നിലവിലെ വടകര എംപിയും അവിടുത്തെ സ്ഥാനാര്‍ഥിയായി പറയപ്പെട്ടിരുന്നയാളുമായ കെ മുരളീധരന്‍ തൃശൂരില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി എത്തി. മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകളും കെ മുരളീധരന്‍റെ സഹോദരിയുമായ പത്മജ വേണുഗോപാലിന്‍റെ അപ്രതീക്ഷിത ബിജെപി പ്രവേശനത്തിന് പിന്നാലെയായിരുന്നു മുരളീധരന്‍റെ ഈ സർപ്രൈസ് സീറ്റുമാറ്റം. എന്നാല്‍ മുരളീധരനും പ്രതാപനും ഒറ്റക്കെട്ടായി പ്രചാരണം നടത്തുന്ന കാഴ്‌ചയാണ് തൃശൂരില്‍ നിലവിൽ കാണുന്നത്.
അതേസമയം വീണ്ടുമൊരിക്കല്‍ക്കൂടി തൃശൂരില്‍ നിന്ന് ജനവിധി തേടുകയാണ് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കേരളത്തില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ഇടതുപക്ഷ മുന്നണിയാവട്ടെ തൃശൂര്‍ ജില്ലയിലെ സിപിഐയുടെ ജനകീയ മുഖമായ വി എസ് സുനില്‍ കുമാറിനെ ഇറക്കിയാണ് അങ്കം മുറുക്കിയിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ കൃഷി മന്ത്രിയായിരുന്ന സുനില്‍ കുമാര്‍. സുനില്‍ കുമാറിന്‍റെ ജനകീയത തൃശൂരില്‍ വോട്ടാകും എന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam