ഇത്തവണ തോറ്റാല്‍ പണിപാളും; ജയിക്കാന്‍ സിപിഎമ്മിന്‍റെ പൂഴിക്കടകന്‍, ദേശീയ പാര്‍ട്ടി പദവി നിര്‍ണായകം

Published : Mar 21, 2024, 01:20 PM ISTUpdated : Mar 22, 2024, 06:43 PM IST
ഇത്തവണ തോറ്റാല്‍ പണിപാളും; ജയിക്കാന്‍ സിപിഎമ്മിന്‍റെ പൂഴിക്കടകന്‍, ദേശീയ പാര്‍ട്ടി പദവി നിര്‍ണായകം

Synopsis

എന്തുകൊണ്ട് ഇത്തവണ സ്വതന്ത്രന്‍മാര്‍ക്ക് പാര്‍ട്ടി ചിഹ്നം? അത് സിപിഎമ്മിന്‍റെ പൂഴിക്കടകന്‍, ഇതാ കാരണങ്ങള്‍ 

ദില്ലി: സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ്. ദേശീയ പാര്‍ട്ടി പദവി നഷ്‌ടപ്പെടാതിരിക്കാന്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും സിപിഎമ്മിന് ഇത്തവണ പിടിച്ചേ മതിയാകൂ. അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ പിടിക്കുകയും വോട്ട് ഷെയര്‍ ഉയര്‍ത്തുകയുമാണ് ഇതിന് സിപിഎമ്മിന് മുന്നിലുള്ള വഴി. ഇതിനാലാണ് ഇത്തവണ സ്വതന്ത്രന്‍മാരെ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ സിപിഎം മത്സരിപ്പിക്കുന്നത്. 2004ല്‍ ലോക്‌സഭയില്‍ 43 സീറ്റുണ്ടായിരുന്ന സിപിഎം 2019ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഇത്തവണ ശക്തമായ തിരിച്ചുവരവില്ലാതെ സിപിഎമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ മേല്‍വിലാസം പിടിച്ചുനിര്‍ത്താനാവില്ല. ബംഗാളിലെ തകര്‍ച്ചയാണ് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയത്. 

2004ലെ 43 സീറ്റില്‍ നിന്ന് 2019ല്‍ 3 സീറ്റിലേക്ക്

ഒരേസമയം ബംഗാളിലും ത്രിപുരയിലും കേരളത്തിലും അധികാരത്തിലിരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ബംഗാളും ത്രിപുരയും കൈവിട്ടതോടെ ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് ക്ഷീണമേറ്റു. ലോക്‌സഭയില്‍ സിപിഎം നിര്‍ണായക ശക്തിയായ തെരഞ്ഞെടുപ്പായിരുന്നു 2004ല്‍ നടന്നത്. പശ്ചിമ ബംഗാളിലെ 26 ഉം കേരളത്തിലെ 12 ഉം തമിഴ്‌നാട്ടിലെയും ത്രിപുരയിലെയും രണ്ട് വീതവും ആന്ധ്ര പ്രദേശിലെ ഒന്നുമടക്കം 43 സീറ്റുകളാണ് 2004 തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയത്. 5.66 ശതമാനം ആയിരുന്നു വോട്ട് ഷെയര്‍. 2009ലേക്ക് എത്തിയപ്പോള്‍ പാര്‍ട്ടിയുടെ ലോക്‌സഭ സീറ്റുകളുടെ എണ്ണം 16 ആയി കുറഞ്ഞു. ബംഗാളില്‍ 9 ഉം കേരളത്തില്‍ 4 ഉം ത്രിപുരയില്‍ രണ്ടും തമിഴ്‌നാട്ടില്‍ ഒന്നും സീറ്റുകളാണ് 2009ല്‍ നേടാനായത്. എന്നാല്‍ വോട്ട് വിഹിതത്തില്‍ (5.33%) കാര്യമായ ഇടിവ് സംഭവിച്ചില്ല. 

Read more: ആ 1.89 കോടി വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യും?

2014ലേക്ക് എത്തിയപ്പോള്‍ കഥയാകെ മാറി. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 3.6 ശതമാനം മാത്രം വോട്ട് കിട്ടിയ സിപിഎമ്മിന് രാജ്യത്താകെ 9 സീറ്റുകളെ ജയിക്കാനായുള്ളൂ. കേരളത്തിലെ അഞ്ചും ബംഗാളിലെയും ത്രിപുരയിലേയും രണ്ട് വീതവും സീറ്റുകളായിരുന്നു അവ. സിപിഎം ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞ 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീഴ്‌ചയുടെ ആഘാതം കൂടി. ആകെ മൂന്ന് സിപിഎം സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്‍റില്‍ എത്തിയപ്പോള്‍ കേരളത്തില്‍ സംസ്ഥാന ഭരണം കയ്യിലിരുന്നിട്ടും ആലപ്പുഴയില്‍ എ എം ആരിഫ് മാത്രമേ സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ചുള്ളൂ. 2019 ലോക്‌സഭ തെരഞ്ഞെടുപ്പോടെ ബംഗാളിലും ത്രിപുരയിലും ലോക്‌സഭയിലെ സിപിഎം പ്രതിനിധികളുടെ എണ്ണം പൂജ്യമായി എന്നതാണ് എടുത്തുപറയേണ്ടത്. 2004ല്‍ 5.66 ശതമാനമുണ്ടായിരുന്ന വോട്ട് ഷെയര്‍ 2019ല്‍ 1.75 ശതമാനത്തിലേക്ക് താഴ്ന്നത് പരാജയത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. 

ദേശീയ പാര്‍ട്ടിയായി കണക്കാക്കുന്നത് എങ്ങനെ? 

നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമുണ്ടെങ്കില്‍ ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കാം എന്നാണ് ഒരു ചട്ടം. എന്നാല്‍ നിലവില്‍ കേരളത്തിലും തമിഴ്നാട്ടിലും ത്രിപുരയിലും ബംഗാളിലുമാണ് സിപിഎമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. എന്നാല്‍ മൂന്ന് പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ബംഗാളില്‍ നിലവില്‍ സിപിഎമ്മിന് എംഎല്‍എമാരോ എംപിമാരോ ഇല്ല. കഴിഞ്ഞ ലോക്‌സഭ ഇലക്ഷനിലോ നിയമസഭ തെരഞ്ഞെടുപ്പിലോ നാലോ അതിലധികം സംസ്ഥാനങ്ങളിലോ കുറഞ്ഞത് 6 ശതമാനം വോട്ട് നേടുക ചെയ്താലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ഥികള്‍ വിജയിച്ചാലോ ദേശീയ പാര്‍ട്ടി പദവി ലഭിക്കും എന്നതാണ് മറ്റൊരു ചട്ടം. ലോക്‌സഭയിലെ ആകെ സീറ്റുകളുടെ രണ്ട് ശതമാനം അഥവാ 11 സീറ്റുകള്‍ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും നേടിയാലും ദേശീയ പാര്‍ട്ടിയാവാം. ഈ രണ്ട് ചട്ടവും സിപിഎമ്മിന് നിലവില്‍ വലിയ വെല്ലുവിളിയാണ്.

Read more: കേരളത്തില്‍ കൗമാരക്കാര്‍ പോളിംഗ് ബൂത്തിലേക്ക് ഇരച്ചെത്തും; കണക്കില്‍ റെക്കോര്‍ഡിട്ട് സംസ്ഥാനം    

ഇത്തവണ സ്വന്തം ചിഹ്നത്തില്‍ പരമാവധി പേരെ ലോക്‌സഭയിലേക്ക് വിജയിപ്പിക്കാനുറച്ചാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചിരിക്കുന്നത്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ കെ എസ് ഹംസയും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്. ഇടുക്കിയിലും എറണാകുളത്തും ചാലക്കുടിയിലുമെല്ലാം മുമ്പ് പാര്‍ട്ടി ചിഹ്നത്തിലല്ലാതെ സ്വതന്ത്രന്‍മാരെ പാര്‍ലമെന്‍റിലേക്ക് മത്സരിപ്പിച്ചിട്ടുണ്ട് സിപിഎം. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി
മസാല ബോണ്ട്: 'ഇഡി നടപടി നിയമ വിരുദ്ധം, നോട്ടീസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്'; ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി