Asianet News MalayalamAsianet News Malayalam

ആ 1.89 കോടി വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യും?

2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക

1 89 Cr first time voters in Lok Sabha Election 2024
Author
First Published Mar 21, 2024, 10:00 AM IST

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ തിയതികളും വിശദ വിവരങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍ ഏഴ് ഘട്ടമായാണ് ഇക്കുറി നടക്കുന്നത്. 96 കോടിയിലധികം വോട്ടര്‍മാര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയിലുള്ളത്. ഇവരില്‍ 1.89 കോടിയാളുകള്‍ പുതുമുഖങ്ങളാണ്. 

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാനുള്ള അവസാന തിയതി പല സംസ്ഥാനങ്ങളിലും കഴിഞ്ഞിട്ടില്ലായെന്നിരിക്കേ ഇതിനകം 96.8 കോടിയാളുകള്‍ ലോക്‌സഭ ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ യോഗ്യരായിക്കഴിഞ്ഞു എന്നാണ് വിവരം. ഇതില്‍ 49.7 കോടി പേര്‍ പുരുഷന്‍മാരും 47.1 കോടിയാളുകള്‍ സ്ത്രീകളുമാണ്. 1.89 കോടി കന്നി വോട്ടര്‍മാര്‍ ഇക്കുറിയുണ്ട് എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍റെ കണക്ക്. ഇതില്‍ 85 ലക്ഷം പേര്‍ സ്ത്രീകളാണ്. കന്നി വോട്ട് ചെയ്യാനെത്തുന്നവരുടെ രാഷ്ട്രീയ മനസ് പിടിച്ചെടുക്കാന്‍ കൂടിയാണ് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പാടുപെടുന്നത്. പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 543 മണ്ഡലങ്ങളിലാണ് ജനങ്ങള്‍ വിധിയെഴുതുക. 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിക്കുന്നത്. 

Read more: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുക വളരെ എളുപ്പം; ഇതാ വഴികള്‍

2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടിംഗ് നടക്കും. സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശം മുറുകിക്കഴിഞ്ഞു. ജൂണ്‍ 16നാണ് 17-ാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios