
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മത്സരിക്കും. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തീരുമാനം റിപ്പോർട്ട് ചെയ്തു. വടകരയിൽ കെ കെ ശൈലജയും മത്സരിക്കും. കാസർകോട് മണ്ഡലത്തിൽ എം വി ബാലകൃഷ്ണനായിരിക്കും സിപിഎം സ്ഥാനാർത്ഥി. എം വി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യം വന്നാൽ പകരം ആര് എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റിൽ ധാരണ ആയിട്ടില്ല. സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം 21ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കും.
പി ബി അംഗങ്ങളും മന്ത്രിയുമടക്കമുള്ള മുതിർന്ന നേതാക്കളുടെ ശക്തമായ നിരയെതന്നെയാണ് സിപിഎം മത്സര രംഗത്തിറക്കുന്നത്. നിലവിൽ വലിയ ചർച്ചയായ വടകര മണ്ഡലത്തിൽ നിന്ന് മുൻ മന്ത്രി കെ കെ ശൈലജ കെ മുരളീധരന് എതിരാളിയാകും. മണ്ഡലത്തിൽ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കാൻ ശൈലജയ്ക്ക് കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടൽ. കണ്ണൂരിൽ എം വി ജയരാജൻ, കാസർഗോഡ് എം വി ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. കോഴിക്കോട് എളമരം കരീം മത്സരിക്കും. മത്സരത്തിനില്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും ആലത്തൂരിൽ രമ്യ ഹരിദാസിന് എതിരാളിയാകുന്നത് മന്ത്രി കെ രാധാകൃഷ്ണന്‍ ആകാനാണ് സാധ്യത. പാലക്കാട് സ്വരാജിന്‍റെതടക്കമുള്ള പേര് പരിഗണിച്ചെങ്കിലും പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനാണ് മത്സരിക്കുക. കൊല്ലത്ത് നടൻ മുകേഷ്, ആലപ്പുഴയിൽ സിറ്റിംഗ് എംപി എ.എം ആരിഫ്, എന്നിവരും സ്ഥാനാർത്ഥികളാകും.
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥി പട്ടിക ജില്ലാ ഘടകം നൽകിയെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തി പൊതു സമ്മനെ കണ്ടെത്താനാണ് സെക്രട്ടറിയേറ്റ് നിർദ്ദേശം. മലപ്പുറത്തും പൊന്നാനിയിലും സ്ഥാനാർത്ഥി പട്ടികയിൽ ഉടൻ തീരുമാനമാകും. ഇന്നും നാളെയും വിവിധ ജില്ലാ സെക്രട്ടറിയേറ്റിൽ പട്ടിക സംബന്ധിച്ച ചർച്ചകൾ നടക്കും. തുടർന്ന് വീണ്ടും സംസ്ഥാന ഘടകത്തിന് കൈമാറും. സംസ്ഥാന കമ്മിറ്റിയുടെ പട്ടികയിക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നൽകുകമാത്രമാണ് ചെയ്യേണ്ടത്. ഈമാസം 27 ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam