
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ്‌കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌നബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ബൂത്ത് പിടുത്തം, പണവിതരണം, കള്ളവോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ്‌കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.
Read more: ഹെവിവെയ്റ്റ് പോരാട്ടങ്ങള്‍, കേരളത്തില്‍ ആറിടത്ത് തീപാറും; ദേശീയശ്രദ്ധയില്‍ ഈ മണ്ഡലങ്ങള്‍
രാജ്യത്ത് 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ.
സംസ്ഥാനത്ത് ഏപ്രില്‍ 26-ാം തിയതി ഒറ്റഘട്ടമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 ലോക്‌സഭ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. തെരഞ്ഞെടുപ്പിനുള്ള അന്തിമ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. സ്ഥാനാര്‍ഥികളും പ്രചാരണത്തിന്‍റെ ആവേശത്തിലാണ്.
Read more: ഇനി വോട്ടിട്ടാല്‍ മതി, ചിത്രം വ്യക്തം, കേരളം തെരഞ്ഞെടുപ്പിന് തയ്യാര്‍; സംസ്ഥാനത്ത് 25231 ബൂത്തുകള്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam