രാഹുല്‍ ഗാന്ധിയെ 'ലക്ഷാധിപതി'യാക്കിയ വയനാട്; ആവേശമാകുമോ ആനി രാജ, കെ സുരേന്ദ്രന്‍; ദേശീയ ശ്രദ്ധയില്‍ മണ്ഡലം

Published : Mar 25, 2024, 07:35 AM ISTUpdated : Mar 25, 2024, 07:40 AM IST
രാഹുല്‍ ഗാന്ധിയെ 'ലക്ഷാധിപതി'യാക്കിയ വയനാട്; ആവേശമാകുമോ ആനി രാജ, കെ സുരേന്ദ്രന്‍; ദേശീയ ശ്രദ്ധയില്‍ മണ്ഡലം

Synopsis

കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ലോക്‌സഭയിലെ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷമായി രാഹുല്‍ ഗാന്ധിയുടെ വയനാട് ജയം കഴിഞ്ഞ തവണ മാറിയിരുന്നു

കല്‍പറ്റ: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വയനാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ജില്ലയിലെ പോരാട്ട ചിത്രം വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോർഡുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിജയിച്ച മണ്ഡലത്തില്‍ ഇക്കുറി എന്ത് മാറ്റമാണ് ബിജെപിക്ക് വരുത്താന്‍ കഴിയുക. 

കേരളത്തില്‍ യുഡിഎഫിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് വയനാട് ലോക്‌സഭ സീറ്റ്. എം ഐ ഷാനവാസ് 2009ല്‍ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചയിടം. എന്നാല്‍ 2014ല്‍ ഷാനവാസിന്‍റെ ഭൂരിപക്ഷം 20,870 വോട്ടുകളായി കുറഞ്ഞു. 2019ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ മണ്ഡലം ദേശീയ ശ്രദ്ധയിലെത്തി. സിപിഐയിലെ പി പി സുനീറായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കായി ബിഡിജെഎസിന്‍റെ തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിച്ചു. 80.37% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ 10,87,783 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതാണ് കണ്ടത്. രാഹുല്‍ 706,367 (64.94%) ഉം, സുനീർ 274,597 (25.24%) ഉം, തുഷാർ 78,816 (7.25%) ഉം വോട്ടുകള്‍ നേടി.

Read more: ലീഗും മലപ്പുറവും ചരിത്രവും; ഇ ടി മുഹമ്മദ് ബഷീര്‍ മഹാവിജയങ്ങള്‍ ആവര്‍ത്തിക്കുമോ

ഇത്തവണയും രാഹുല്‍ ഗാന്ധി തന്നെയാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് എല്‍ഡിഎഫ് സ്ഥാനാർഥി. ആനി രാജ വയനാട്ടില്‍ ഓടിനടന്ന് പ്രചാരണം നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ നേരിട്ടെത്തി വലിയ പ്രചാരണമില്ലാതെ വന്‍ വിജയം തുടരാമെന്ന പ്രതീക്ഷയിലാണ്. വിജയം ഉറപ്പിച്ച മണ്ഡലം എന്ന നിലയിലാണ് യുഡിഎഫ് മണ്ഡലത്തെ നോക്കിക്കാണുന്നത്. 

Read more: 2019 തെരഞ്ഞെടുപ്പ്, 2020 പിളര്‍പ്പ്; കലങ്ങിമറിഞ്ഞ കോട്ടയം 2024ല്‍ ആര് പിടിക്കും?

രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ദേശീയ നേതാക്കളെ ഇറക്കും എന്നുവരെ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ബിജെപി മണ്ഡലത്തില്‍ ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു കെ സുരേന്ദ്രൻ. 2019ല്‍ തുഷാർ വെള്ളാപ്പള്ളി നേടിയ 7.25 വോട്ടിംഗ് ശതമാനം എത്രകണ്ട് സുരേന്ദന്‍ വയനാട്ടില്‍ ഉയർത്തും എന്നതാണ് പ്രധാന ചോദ്യം. മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ എൻഡിഎയ്ക്ക് 8 ശതമാനത്തിലധികം വോട്ടുകൾ നേടാൻ ആയിട്ടില്ല. വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്