Latest Videos

സ്റ്റാലിന്റെ റഷ്യയല്ല; ലോകായുക്തയിൽ കാനത്തിന് ആദ്യം മറുപടി കൊടുക്കൂവെന്നും വിഡി സതീശൻ

By Web TeamFirst Published Jan 28, 2022, 12:29 PM IST
Highlights

നടിയെ ആക്രമിച്ച കേസിൽ പഴയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഇന്നും കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിന്റെ നീക്കത്തെ വിമർശിച്ചത്. അഗളി മധുവിന്റെ വിഷയവും നടിയെ ആക്രമിച്ച കേസും വിഡി സതീശൻ ചർച്ചയാക്കി. നടിയെ ആക്രമിച്ച കേസിൽ പഴയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അഗളി മധുവിന്റെ കൊലപാതകം

അഗളിയിലെ മധുവിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്ന് വിജി സതീശൻ പറഞ്ഞു. കേസിൽ തുടക്കം മുതൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. നിലവിലെ വിചാരണ മുന്നോട്ട് പോയാൽ പ്രതികൾ രക്ഷപ്പെടും. അതുകൊണ്ട് എല്ലാ പഴുതുമടച്ചുള്ള പുനരന്വേഷണം വേണം. കേസ് വർഷങ്ങൾ കഴിഞ്ഞിട്ടും കൃ‌ത്യമായി നടത്താൻ കഴിയുന്നില്ല. പൊലീസ് തിരിഞ്ഞ് നോക്കുന്നില്ല. വലിയ നിയമ പ്രശ്നം സംസാരിക്കുന്ന ഇവരാരും മധുവിന്റെ കുടുംബത്തിന്റെ പരാതി കേൾക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാറുമായി എന്ത് വ്യത്യാസം?

കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ വിരുദ്ധ നിലപാടെടുത്ത സാംസ്കാരിക പ്രവർത്തകരെ സിപിഎം സൈബർ സഖാക്കൾ ക്രൂരമായി ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്. ഗൗരിലങ്കേഷിനെ ആക്രമിച്ച സംഘപരിവാറും ഇവിടുള്ള സിപിഎം സൈബർ സംഘവും തമ്മിൽ എന്താണ് വ്യത്യാസം? സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ജനാധിപത്യ ഇന്ത്യയാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകായുക്ത വിഷയത്തിൽ

ലോകായുക്ത വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വ്യാഖ്യാനം പുതിയതാണ്. 
ഫെബ്രുവരി 4 ന് മുഖ്യമന്ത്രിയുടെ കേസ് ലോകായുക്തയിൽ വരുന്നതിനാലാണ് തിടുക്കപ്പെട്ട് നിയമം ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നത്. വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആദ്യം സർക്കാർ മറുപടി കൊടുക്കേണ്ടത്. സെക്രട്ടറിമാരുടെ കോ ഓർഡിനേഷൻ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ മുന്നണിയിൽ ചർച്ച ചെയ്യാതെ എടുത്ത തീരുമാനമാണിത്.

നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയുന്നതിന്റെ യുക്തിയെന്താണെന്ന് അദ്ദേഹം ചോദിച്ചു. കോടതി ഇത് ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞില്ലല്ലോ? ലോകായുക്ത നിയമം ഒരിക്കൽ രാഷ്ട്രപതിയുടെ അനുമതി കിട്ടിയതാണ്. അതിനാൽ വലിയ ഭേദഗതി വരുമ്പോൾ രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്നും നിയമമന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് അദ്ദേഹം മറുപടി നൽകി. ലോക്‌പാലിന്റെ ചുവടുപിടിച്ചാണ് ലോകായുക്ത. 22 വർഷത്തിന് ശേഷം നേരത്തെ തള്ളിക്കളഞ്ഞ ഭേദഗതി പിൻവാതിലിലൂടെ കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

click me!