സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ്; പ്രവീണ്‍ റാണയ്ക്കായി  ലുക്ക് ഔട്ട് നോട്ടീസ്

By Web TeamFirst Published Jan 11, 2023, 8:52 AM IST
Highlights

കൂടുതൽ കൂട്ടാളികളുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ പ്രവീണ്‍ റാണയ്ക്കായി സംസ്ഥാനത്തിന് പുറത്തേക്കും വല വിരിക്കുകയാണ് പൊലീസ്.

കൊച്ചി: തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പ്രതി പ്രവീണ്‍ റാണ നേപ്പാൾ വഴി വിദേശത്തേയ്ക്കു കടക്കുന്നത് തടയാനുള്ള നീക്കവുമായി പൊലീസ്. റാണയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇന്നലെ അറസ്റ്റിലായ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീശിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

പ്രവീണ്‍ റാണയെ പിടിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് നിക്ഷേപകര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആദ്യ അറസ്റ്റുണ്ടായത്. റാണയുടെ വിശ്വസ്തനും അഡ്മിന്‍ മാനേജരുമായ സതീശിനെയാണ് വിയ്യൂര്‍ എസ്ഐ കെ സി ബിജുവും സംഘവും പിടികൂടിയത്. 25 ലക്ഷം തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. റാണ ഒളിവില്‍ പോയതിന് പിന്നാലെ സേഫ് ആന്‍റ് സ്ട്രോങ്ങിന്‍റെ ഓഫീസുകളില്‍ നിന്ന് നിക്ഷേപ രേഖകളടക്കം കടത്തിയിരുന്നു. പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ച ഈ രേഖകളും പൊലീസ് കണ്ടെത്തി. റാണയുടെ ബിനാമിയായി പ്രവര്‍ത്തിച്ചയാളാണ് സതീശ്. 

കൂടുതൽ കൂട്ടാളികളുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ പ്രവീണ്‍ റാണയ്ക്കായി സംസ്ഥാനത്തിന് പുറത്തേക്കും വല വിരിക്കുകയാണ് പൊലീസ്. റാണ മുങ്ങിയ ഫ്ളാറ്റില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ രക്ഷപെട്ട കാര്‍ കണ്ടെത്തിയിരുന്നു. അങ്കമാലിയില്‍ തടഞ്ഞ പൊലീസിന് ഡ്രൈവറില്‍ നിന്നു ലഭിച്ച മൊഴി റാണയെ കലൂരില്‍ ഇറക്കിവിട്ടെന്നായിരുന്നു. സൈബര്‍ സെല്ല് റാണയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

റാണയുടെ ഫോണ്‍ സ്വിച്ചോഫാണ്. പൊലീസിന്‍റെ നിരീക്ഷണപ്പട്ടികയിലുള്ളവര്‍ക്കും വിളി വന്നിട്ടില്ല. റാണ കേരളം വിടാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോർട്ട് നമ്പറും വിശദാംശങ്ങളും കൈമാറിയിട്ടുണ്ട്. ആഭ്യന്തര ടെർമിനൽ വഴി പോകാതിരിക്കാൻ പേരും വിലാസവും കൈമാറി. നേപ്പാള്‍ അതിര്‍ത്തി കടന്ന് മറ്റു രാജ്യങ്ങളിലേക്ക് കടക്കാനുള്ള നീക്കം നടത്തുന്നതായി റാണയുടെ സുഹൃത്തുക്കളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

അറസ്റ്റിലായ കൂട്ടാളി വെളുത്തൂർ സ്വദേശി സതീശിനെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. അയല്‍ സംസ്ഥാനങ്ങളിലടക്കം റാണ നടത്തിയ നിക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്. റാണയുടെ കൂടുതല്‍ വിശ്വസ്തരുടെ അറസ്റ്റും ഉണ്ടായേക്കും. കഴിഞ്ഞ 27 ന് അരിമ്പൂര്‍ റാണാ റിസോര്‍ട്ടില്‍ വിളിച്ച നിക്ഷേപകരുടെ യോഗത്തില്‍ ചെക്ക് നല്‍കാമെന്ന് റാണ വാഗ്ദാനം ചെയ്തിരുന്നു. പത്താം തീയതി അഡ്മിന്‍ മാനേജരായ സതീശ് മുഖേന ചെക്ക് നല്‍കാനാമെന്നാണ് നല്‍കിയ വാദ്ഗാനം. എന്നാല്‍ 29 ന് റാണ കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചതറിഞ്ഞ നിക്ഷേപകര്‍ കൂട്ടപ്പരാതിയുമായി എത്തുകയായിരുന്നു

click me!