
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയങ്ങളിലൊന്നായ 'ലുലു ഐടി ട്വിൻ ടവർ' കൊച്ചി സ്മാർട്ട് സിറ്റിയിൽ നാളെ പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ട്വിൻ ടവർ ഉദ്ഘാടനം ചെയ്യും. ഓട്ടോമേറ്റഡ് - റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ട്വിൻ ടവറുകളിലായി ഒരുക്കിയിട്ടുള്ളത്.
കൊച്ചിയുടെ തലപൊക്കമായി ലുലു ഐടി ട്വിൻ ടവർ ഉയരുകയാണ്, സംസ്ഥാനത്തിന്‍റെ ഐടി സ്വപ്നങ്ങൾക്ക് കരുത്തുമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് - റോബോട്ടിക് പാർക്കിങ് സൗകര്യവും ഓൺസൈറ്റ് ഹെലിപ്പാഡുമടക്കും ലോകോത്തര നിലവാരത്തിലാണ് ഹൈടെക് സൗകര്യങ്ങളോടെ ട്വിൻ ടവറുകളുടെ നിർമ്മാണം.
പാതിവഴിയിൽ കിതയ്ക്കുന്ന കൊച്ചി സ്മാർട്ട് സിറ്റിക്കും പുത്തനുണർവാകും ലുലു ഐടി ട്വിന്‍ ടവർ. 35 ലക്ഷം ചതുരശ്ര അടിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളോടും കിടപിടിക്കുന്ന സൗകര്യങ്ങൾ, 25 ലക്ഷം ചതുരശ്ര അടിയിൽ വിവിധ ഐടി, ഐടി അനുബന്ധ സംരംഭങ്ങൾ, 4500 കാറുകള്‍ക്കുള്ള പാർക്കിങ്ങും വിശാലമായ ഫുഡ്കോർട്ടും തുടങ്ങിയ വിപുലമായ സൗകര്യങ്ങളുമായി ഐടി മേഖലയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള ഒരു ഇടം കൂടിയാണൊരുങ്ങുന്നത്.
തുടക്കത്തില്‍ 2500 പേർക്കും ഘട്ടം ഘട്ടമായി 30,000 പേർക്കും തൊഴിൽ നൽകാൻ ഇതുവഴിയാകുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറ്കർ ആൻഡ് സി.ഇ.ഒ എംഎ നിഷാദ് പറഞ്ഞു. 1500 കോടിയിലേറെ രൂപയുടെ മുതൽമുടക്കിലൊരുങ്ങുന്ന പദ്ധതി സ്മാർട്ട് സിറ്റിയിലേക്കും കൂടുതൽ സംരഭങ്ങളെത്തുന്നതിന് വഴിതുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ട്വിന്‍ ടവർ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വിവിധ രാഷ്ടീയ നേതാക്കളുമടക്കം പൗരപ്രമുഖർ ചടങ്ങിനെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam