
കോഴിക്കോട്: വക്കീൽ നോട്ടീസ് അയച്ച ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത പരിഹാസവുമായി കോൺഗ്രസ് വനിത നേതാവ് എം എ ഷഹനാസ്. കോടികൾ അല്ല എണ്ണിക്കൊണ്ടിരിക്കുന്നതെന്നും പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ ആണെന്നും ഷഹനാസ് ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് ബീച്ചിൽ കുമിളകൾ ഊതി പറപ്പിക്കുന്ന വീഡിയോ സഹിതമാണ് പോസ്റ്റ്. ഇന്നലെ നീ ആരായിരുന്നു? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു, വ്യാജകാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു. എന്നിട്ട് പ്പോ ന്തായി ശവനായി പവനായി എന്നും ഷഹനാസ് കുറിച്ചു.
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എ ഷഹനാസിന് വക്കീൽ നോട്ടീസ് അയച്ചത്. കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നാണ് രാഹുലിന്‍റെ നോട്ടീസിൽ പറയുന്നത്. 100 പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ പ്രതികരണവുമായി എംഎ ഷഹനാസ് രംഗത്തെത്തിയിരുന്നു. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എംഎ ഷഹനാസ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്‍റെ പരാമർശം കള്ളമാണെന്നും അവർ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ബുദ്ധിമുട്ടുമില്ല, കാണണമെന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷഹനാസ് തുറന്നടിച്ചു. രാഹുൽ മാങ്കൂട്ടം ഒരു 'കോഴി' ആണെന്ന് എനിക്ക് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ട്. പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് തന്റെ മുന്നിലിരിക്കാൻ ധൈര്യമുണ്ടോ ? രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ താൻ തയ്യാറാണെന്നും ഷഹനാസ് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam