ബിജെപിയുടെ പരിപാടിയെന്ന് അറിയുന്നത് വേദിയിലെത്തിയപ്പോൾ; താൻ ഇടതു സഹയാത്രികനാണ്: എംകെ സാനു

By Web TeamFirst Published Oct 2, 2019, 11:53 PM IST
Highlights

കമ്മ്യൂണിസ്റ്റ് ബന്ധമുള്ള ഒരു കവിക്ക് വയലാര്‍ അവാര്‍ഡ് നല്‍കാൻ സമ്മര്‍ദ്ദമുണ്ടെന്നാരോപിച്ച് എംകെ സാനു പുരസ്കാര നിര്‍ണ്ണയ സമിതി അധ്യക്ഷ സ്ഥാനം കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. 

കൊച്ചി: എറണാകുളത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫ. എം കെ സാനു എത്തിയത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. എന്നാൽ, താൻ ഇടത് സഹയാത്രികനാണെന്നും ഒരിക്കലും അതില്‍ മാറ്റമുണ്ടാകില്ലെന്നും എം കെ സാനു അഭ്യൂഹങ്ങളോട് പ്രതികരിച്ചു.

ബിജെപിയുടെ പരിപാടിയാണെന്ന് വേദിയിലെത്തുമ്പോഴാണ് അറിയുന്നത്. ​ഗാന്ധിജിയെക്കുറിച്ചും ഹിന്ദു-മുസ്ലിം ഐക്യം, സഹിഷ്ണുത എന്നിവയിലെ ഗാന്ധിയുടെ സന്ദേശത്തെക്കുറിച്ചുമാണ് പരിപാടിയിൽ സംസാരിച്ചിരുന്നത്. അതവരാണ് ആദ്യം കേൾക്കേണ്ടതെന്നും സാനു പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ബന്ധമുള്ള ഒരു കവിക്ക് വയലാര്‍ അവാര്‍ഡ് നല്‍കാൻ സമ്മര്‍ദ്ദമുണ്ടെന്നാരോപിച്ച് എംകെ സാനു പുരസ്കാര നിര്‍ണ്ണയ സമിതി അധ്യക്ഷ സ്ഥാനം കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊച്ചിയിൽ നടന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സാനു പങ്കെടുത്തത്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാ പദയാത്രയായിലാണ് സാനു പങ്കെടുത്തത്. 1987ല്‍ എറണാകുളത്തുനിന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എം കെ സാനു വിജയിച്ചിരുന്നു.

Read More: പുതുശ്ശേരിക്ക് വയലാര്‍ പുരസ്കാരം നല്‍കാന്‍ സമ്മര്‍ദ്ദം; സമിതി അധ്യക്ഷ സ്ഥാനം എംകെ സാനു രാജിവച്ചു
 

click me!