
തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്. മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ വാടക രോഗികളെ ഇറക്കി കോളേജ് മാനേജ്മെന്റിനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാനാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അമിത ഫീസ് നൽകി യാതൊരു അടിസ്ഥാന സൗകര്യമില്ലാത്ത കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉടൻ മികച്ച കോളേജിലേക്ക് മാറ്റണം. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ വ്യാജ സീലും കെട്ടിട പെർമിറ്റും ഉപയോഗിച്ച് പ്രവർത്തിക്കുന്ന കെട്ടിട്ടത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റണമെന്നും വിജിലൻസ് നിർദ്ദേശിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളോ പഠനസൗകര്യങ്ങളോ ഇല്ലാത്ത കോളേജിൽ നിന്ന് മാറ്റണമെന്ന് കാണിച്ച് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളാണ് വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ ഇപ്പോൾ പഠിക്കുന്നത്. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ കെട്ടിട്ടം നിർമ്മിച്ചതിന് പഞ്ചായത്ത് ഡയറക്ടർ കോളേജ് അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം രണ്ട് തവണ മെഡിക്കൽ കൗൺസിൽ ഉദ്യോഗസ്ഥർ എസ്ആർ മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയിരുന്നു. പരിശോധന നടത്താനെത്തിയ ദിവസങ്ങളിൽ കോളേജ് അധികൃതർ വ്യാജ രോഗികളെ ഇറക്കിയെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്നതിനായി രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങളും വിദ്യാർത്ഥികൾ പുറത്തുവിട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam