തിരുവനന്തപുരം: വയലാർ സാഹിത്യ പുരസ്കാര നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പുരസ്കാര നിർണ്ണയകമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫസർ എം കെ സാനു രാജിവച്ചു. പുതുശ്ശേരി രാമചന്ദ്രന്‍റെ ആത്മകഥക്ക് പുരസ്കാരം നൽകാൻ ബാഹ്യ സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് രാജിയെന്ന് എം കെ സാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സർഗാത്മകത മാനദണ്ഡമാക്കിയാണ് ഇക്കാലമത്രയും സമിതി വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന് കൃതികൾ പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതുശ്ശേരി രാമചന്ദ്രന്‍റെ ആത്മകഥയായ തിളച്ച മണ്ണിൽ കാൽനടയായി എന്ന പുസ്തകത്തിന് പുരസ്കാരം നൽകാൻ കടുത്ത സമ്മർദ്ദമാണുണ്ടായത്. അർഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നൽകാൻ കൂട്ട് നിൽക്കാനാകാത്തതിനാലാണ് പുരസ്കാര നിർണ്ണയ കമ്മിറ്റിയിൽ നിന്ന് രാജി വച്ചതെന്ന് പ്രൊഫസർ എം കെ സാനു പറഞ്ഞു.

നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജഡ്ജിംഗ് കമ്മിറ്റി ഇത് അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും എ കെ സാനു കൂട്ടിച്ചേർത്തു. ഏഴാച്ചേരി രാമചന്ദ്രന്‍റെ ഇലത്തുമ്പിലെ വജ്രദാഹം എന്ന കവിതയും വി ജെ ജയിംസിന്‍റെ നിരീശ്വരൻ എന്ന നോവലുമാണ് അവസാന ഘട്ടം വരെ പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്.