
തിരുവനന്തപുരം: സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഒഴിവുള്ള തസ്തികളിലേക്ക് പിഎസ് സി റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്താന്‍ ഉത്തരവ് നല്‍കുന്നവര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിര്‍മ്മിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
സര്‍വകലാശാലകളിലും പിഎസ് സിക്കുവിടാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലും മത്സരപരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളെ മെറിറ്റിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള വ്യവസ്ഥയും ഉള്‍ക്കൊള്ളിക്കും. ഇത്തരം ഒരു നിർദ്ദേശം യുഡിഎഫിന്‍റെ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.
പി എസ് സി വഴി നടന്ന നിയമനങ്ങളുടെ കണക്ക് മാത്രമാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഈ സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടേയും താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച് സ്ഥിരനിയമനം നടത്തിയ തസ്തികളുടെയും കണക്കും വെളിപ്പെടുത്തണം. കഴിഞ്ഞ മൂന്നര മാസത്തിനിടയില്‍ നിയമ ധനകാര്യ വകുപ്പുകളുടെ എതിര്‍പ്പുകളെ അവഗണിച്ച് 456 പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഡിവെെഎഫ്ഐ നേതാക്കളേയും മന്ത്രിമാരുടെ ബന്ധുക്കളേയും അനധികൃതമായി നിയമിച്ചത് കൊണ്ടാണ് തൊഴിലില്ലായ്മയ്ക്കെതിരായ സമരത്തില്‍ നിന്ന് ഡിവെെഎഫ്ഐ പിന്‍മാറിയതെന്ന കാര്യം മുഖ്യമന്ത്രിയുടെ അവകാശവാദത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.
മുഖ്യമന്ത്രി നിരത്തിയ കണക്കുകളില്‍ കൂടുതലും യുഡിഎഫ് ഭരണകാലത്ത് പി എസ് സി വഴി നിയമനം നല്‍കിയവയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 176547 പേര്‍ക്ക് പി എസ് സി വഴി നിയമനം നല്‍കി. അധ്യാപക പാക്കേജ് പ്രകാരം 158680 പേര്‍ക്കും കെഎസ്ആര്‍ടിസി പാനല്‍ സ്ഥിരപ്പെടുത്തുക വഴി 3674 പേര്‍ക്കും ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക വഴി 2677 പേര്‍ക്കും ആശ്രിത നിയമനം വഴി 905 പേര്‍ക്കും സ്കൂള്‍ ക്വാട്ടയില്‍ 108 പേര്‍ക്കും യുഡിഎഫ് കാലത്ത് നിയമനം നല്‍കി.
എല്‍ഡിഎഫ് ഭരണത്തില്‍ പി എസ് സി അഡ്വയിസ് മെമ്മോ നല്‍കിയിട്ടും നിയമനം നടക്കാത്തത്. ഏറ്റവും അധികം അനധികൃത പുറം വാതില്‍ നിയമനങ്ങള്‍ നടന്നത്. പി എസ് സി പരീക്ഷകളെ പ്രഹസനമാക്കി മാറ്റി. പി എസ് സി യെ രാഷ്ട്രീയവത്കരിച്ച സര്‍ക്കാര്‍ തൊഴില്‍ രഹിതരായ യുവാക്കളോട് കാണിക്കുന്ന കടുത്ത വഞ്ചനയ്ക്കെതിരെ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സംഘടനകള്‍ നടത്തുന്ന നിയമ യുദ്ധത്തിന് യുഡിഎഫ് എല്ലാ പിന്തുണയും നല്‍കുമെന്നും ഹസ്സന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam