
ഇടുക്കി: കളിയാക്കിയെന്ന് പറഞ്ഞ് ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി. മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നും കുട്ടി പറയുന്നു. വിദ്യാർത്ഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി. ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ല എന്നുമാണ് അധ്യാപകന്‍റെ വിശദീകരണം. സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. തമിഴ് മീഡിയത്തിൽ പഠിക്കുന്ന കുട്ടിയെ അധ്യാപകൻ ശിവകുമാർ മർദ്ദിച്ചെന്നാണ് പരാതി. വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറഞ്ഞു. മകൻ വേദനിച്ചു കരയുകയായിരുന്നുവെന്നും കണ്ടപ്പോൾ വലിയ വിഷമമായെന്നും കണ്ണീരോടെ അമ്മ പറഞ്ഞു. ഉടനെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി. ഡോക്ടർ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.
അധ്യാപകൻ പറയുന്നത് ക്ലാസ്സിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോൾ കുട്ടി തന്നെ കളിയാക്കി കൊണ്ട് പുറത്തേക്ക് ഓടി എന്നാണ്. തിരിച്ചുവിളിച്ചു കൊണ്ടുവന്ന് മുട്ടിന് താഴെ രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അധ്യാപകൻ പറഞ്ഞു. ക്ലാസ്സിലുണ്ടായിരുന്ന കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പിടിഎ കമ്മിറ്റി അംഗങ്ങൾ ഇന്ന് സ്കൂളിൽ എത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam