മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് മുഖംതിരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

By Web TeamFirst Published Aug 15, 2019, 7:36 AM IST
Highlights

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണമെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളിലടക്കം സജീവമാകുമ്പോള്‍ തന്ത്രപരമായ മൗനത്തിലാണ് സര്‍ക്കാരും പ്രതിപക്ഷവും.

തിരുവനന്തപുരം: പേമാരിയും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് സമാനതകളില്ലാത്ത ദുരന്തം വിതക്കുമ്പോഴും മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് മുഖംതിരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമെന്ന മുന്‍നിലപാടില്‍ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണമെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളിലടക്കം സജീവമാകുമ്പോള്‍ തന്ത്രപരമായ മൗനത്തിലാണ് സര്‍ക്കാരും പ്രതിപക്ഷവും.

പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ക്വാറികളും ഖനനവും നിയന്ത്രിക്കണമെന്നും പരിസ്ഥിതി അനുകൂല നിലപാടുകളുണ്ടാകണമെന്നും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടപ്പോള്‍ അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫും ഭരണം നടത്തിയിരുന്ന യുഡിഎഫും ഒന്നിച്ചെതിര്‍ത്തു. റിപ്പോര്‍ട്ട് ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമെന്ന് പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധങ്ങള്‍, കൂട്ടായ്മകള്‍, പാര്‍ലമെന്‍റിനകത്തും പുറത്തും സമരങ്ങള്‍, ഗാഡ്ഗിലിനെ എല്ലാവരും ഒറ്റപ്പെടുത്തി.

2018 ലെ മഹാപ്രളയം ഒരു വര്‍ഷത്തിന് ശേഷം തീയതിയും സമയവും പോലും തെറ്റാതെ വീണ്ടും സംസ്ഥാനത്ത് ദുരന്തം വിതച്ചു. മലയോരങ്ങളിലാകെ മരണം പെയ്തിറങ്ങി. ജനം പേടിച്ച് നില്‍ക്കുമ്പോള്‍ മാധവ് ഗാഡ്ഗിലും റിപ്പോര്‍ട്ടും വീണ്ടും ചര്‍ച്ചയാവുകയാണ്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നടപടി വേണമന്ന ആവശ്യമുയരുമ്പോള്‍ പ്രതിപക്ഷം ഇവിടെ അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ്. റിപ്പോര്‍ട്ടവഗണിച്ചതാണ് ദുരന്തകാരണമെന്ന വാദം മുഖ്യമന്ത്രി തള്ളുന്നു.

click me!