
തിരുവനന്തപുരം: എയർപോർട്ട് പീഡന കേസ്(Aiport Rape Case) പ്രതി മധുസൂദന റാവു (madhusoodana rao) തുമ്പ പൊലീസ് സ്റ്റേഷനിൽ ഹാജരായി.സഹപ്രവർത്തക നൽകിയ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു മധുസൂദന റാവു.
ചീഫ് എയർപോർട്ട് ഓഫീസർ ആയിരുന്ന ജി മധുസൂദന റാവുവിന്റെ മൊബൈൽ ഫോൺ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസിന് കൈമാറണമെന്നും നിർദ്ദേശമുണ്ട്. ജനുവരി 31വരെ രാവിലെ 9 മണി മുതൽ അന്വേഷണസംഘത്തിന് പ്രതിയെ ചോദ്യം ചെയ്യാം.
എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിൽ തുമ്പ പൊലീസാണ് മധുസൂദന ഗിരി റാവുവിനെതിരെ കേസെടുത്തത്. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.
കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ അദാനി ഗ്രൂപ്പ് സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓഫീസർ. സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.
ബലാത്സംഗ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്നാണ് മധുസൂദന റാവുവിന്റെ വാദം. ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്ളാറ്റില്‍ എത്തിയതെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാൾ കോടതിയിൽ വാദിച്ചത്. വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകളും ഹൈക്കോടതിക്ക് കൈമാറിയിരുന്നു. പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷവും ദിവസങ്ങളോളം സൗഹൃദം തുടര്‍ന്നു. ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തത് കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും റാവു ആരോപിച്ചിരുന്നു.