
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ (T P Chandrasekharan) വെട്ടേറ്റുവീണ വടകര വളളിക്കാട് രക്തസാക്ഷി ചത്വരം ഉയരുന്നു. അഞ്ച് തവണ അക്രമികൾ തകർത്ത ടിപിയുടെ സ്തൂപം നില്‍ക്കുന്ന ഭൂമിയില്‍ സ്മൃതി ചത്വരവും ഓർമപ്പുരയും ആർഎംപി (RMP) ഓഫീസുമാണ് നിർമ്മിക്കുക. ചത്വരത്തിന്‍റെ ശിലാസ്ഥാപനം ആർഎംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു നിർവഹിച്ചു.
കേരളരാഷ്ട്രീയത്തെ സമാനതകളില്ലാത്തവിധം ഇളക്കിമറിച്ച ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വത്തിന് വരുന്ന മെയ് നാലിന് ഒരു പതിറ്റാണ്ട് തികയും. ഈ വേളയിലാണ് വള്ളിക്കാവിലെ ഭൂമിയില്‍ രക്തസാക്ഷി സമൃതി ചത്വരവും ഓർമപ്പുരയും ആർഎംപി ഓഫീസും ഒരുങ്ങുന്നത്. ഇവിടെ രണ്ടര സെന്‍റ് ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് ടിപി സ്മാരകത്തിനായി വാങ്ങുകയായിരുന്നു. വള്ളിക്കാട് നടന്ന ചടങ്ങില്‍ ആർഎംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു സമൃതിചത്വരത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചു. കനത്ത പോലീസ് കാവലിലാണ് ചടങ്ങ് നടന്നത്.
ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാട്ടെ റോഡരികില്‍ നിലവില്‍ ടിപിയുടെ ചിത്രമുള്ള ഒരു കല്‍സ്തൂപമാണുള്ളത്. അഞ്ച് വട്ടമാണ് സ്തൂപത്തിന് നേരെ ആക്രമണം ഉണ്ടായത്. ഒടുവില്‍ സ്ഥിരമായി ഒരു പൊലീസ് വാന്‍ മുന്നില്‍ നിര്‍ത്തിയിട്ടായിരുന്നു സ്തൂപത്തിന് സംരക്ഷണം ഒരുക്കിയത്. ഇവിടെയാണ് സ്മൃതി ചത്വരം ഉയരുന്നത്. ടിപി രക്തസാക്ഷിദിനമായ മെയ് നാലിന് ചത്വരം നാടിന് സമര്‍പ്പിക്കാനാണ് ആര്‍എംപി തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam