Raveendran Pattayam : രവീന്ദ്രൻ പട്ടയം റദ്ദാക്കൽ; വിമർശനവുമായി മുൻ റവന്യൂമന്ത്രി കെ ഇ ഇസ്മയിൽ

By Web TeamFirst Published Jan 20, 2022, 10:50 AM IST
Highlights

ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിയ്ക്കുമോ? ഞാനും മുൻപ് അങ്ങനെ പറഞ്ഞിട്ടുണ്ട്. കെ ഇ ഇസ്‍മയിൽ നിലപാട് വ്യക്തമാക്കി. 

പാലക്കാട്: രവീന്ദ്രൻ പട്ടയം റദ്ദാക്കലിൽ കടുത്ത വിമർശനവുമായി അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മയിൽ. പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നാണ് ഇസ്മയിൽ പറയുന്നത്. ഇപ്പോഴത്തെ തീരുമാനം പാർടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും, വിഎസിൻ്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നുവെന്നും മുൻ മന്ത്രി പറയുന്നു. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു.

അനധികൃതമായവ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റദ്ദാക്കണം, അനധികൃത പട്ടയങ്ങൾ പരിശോധിക്കേണ്ടതാണ് എന്ന് പറഞ്ഞ കെ ഇ ഇസ്മയിൽ പക്ഷേ പട്ടയങ്ങളിൽ കൂടുതലും രണ്ടു സെന്റിൽ താഴെയുള്ളവർക്കാണ് നൽകിയതെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണെന്നും മുൻ മന്ത്രി പറയുന്നു. ഈ സ്ഥലം ഏറെകാലമായി അവർ കൈവശം വെച്ച സ്ഥലമാണെന്നാണ് വിശദീകരണം. 

പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്, ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിയ്ക്കുമോ? ഞാനും മുൻപ് അങ്ങനെ പറഞ്ഞിട്ടുണ്ട്. കെ ഇ ഇസ്‍മയിൽ നിലപാട് വ്യക്തമാക്കി. 

വിഎസിൻ്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നുവെന്നാണ് മുൻ റവന്യു മന്ത്രിയുടെ നിലപാട്. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയതാണ്. ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് ഇസ്മയിൽ പറയുന്നത്. ചർച്ച ചെയ്യേണ്ട ആവശ്യവുമില്ലെന്നാണ് നിലപാട്. 

ഒഴിപ്പിക്കേണ്ടത് കയ്യേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണെന്നും പാവപ്പെട്ടവരെ അല്ലെന്നുമാണ് ഇസ്മയിലിന്‍റെ നിലപാട്. പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്നും അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും മുൻ മന്ത്രി പറഞ്ഞു. സത്യം ഏറെ കാലം മൂടി വെക്കാനാകില്ലെന്നാണ് ഇസ്മയിലിന്റെ ഓർമ്മപ്പെടുത്തൽ. 

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം - സിപിഐ പോര് രൂക്ഷമാവുകയാണ് ഇതിനിടെയാണ് മുൻ റവന്യു മന്ത്രിയുടെ പ്രതികരണം വരുന്നത്. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമപരമായി നൽകിയതാണ് ഈ പട്ടയങ്ങളെന്നാണ് എംഎം മണി അവകാശപ്പെട്ടത്. പട്ടയങ്ങൾ റദ്ദാക്കുന്നതിന്‍റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫീസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്‍റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രതികരണം. 

click me!